mohiniyattam-poster

തിയറ്റര്‍ വിജയത്തിന് ശേഷം ഒടിടിയിലും കുതിപ്പ് തുടരുന്ന മലയാള ചിത്രം മോഹിനിയാട്ടത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ‘സനാതന്‍ കന്നഡ’ എന്ന എക്സ് പേജ്. ‘ഹിന്ദുമതത്തെ അപമാനിക്കുന്ന 'മോഹിനിയാട്ടം' എന്ന സിനിമ പൂർണ്ണമായും നിരോധിക്കണം, ഹിന്ദുവിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സും നിരോധിക്കണം, ഇത്തരം സിനിമകൾ നിർമ്മിക്കുന്ന മുഴുവൻ മലയാള ചലച്ചിത്രമേഖലയെയും ബഹിഷ്കരിക്കണം’ എന്നാണ് ആഹ്വാനം.

തിയറ്ററില്‍ ഹിറ്റായ ചിത്രം ഒടിടിയിലെത്തിയാല്‍ തീവ്ര വലതുപക്ഷ വാദികള്‍ ചിത്രത്തിനെതിരെ രംഗത്തെത്തുമെന്ന് പ്രേക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ പ്രവചനങ്ങള്‍ ശരിയായി എന്നരീതിയിലാണ് ഒരു വിഭാഗം സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘ഞാൻ അടുത്തിടെ 'മോഹിനിയാട്ടം (ഭരതനാട്യം 2)' എന്ന മലയാള സിനിമ കണ്ടു’ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ഡാർക്ക് കോമഡി ത്രില്ലറായി എത്തിയ ചിത്രം യഥാര്‍ഥത്തില്‍ ഹിന്ദൂയിസത്തിനെതിരെയുള്ള വിലകുറഞ്ഞ ആക്രമണമാണെന്നും പോസ്റ്റില്‍ പറയുന്നു. ചിത്രത്തില്‍ ശ്രീരാമന് മോരും മിക്സ്ചറും നല്‍കുന്നതായി കാണിക്കുന്നതാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത് ആക്ഷേപഹാസ്യമല്ല വിശ്വാസത്തെ മനഃപൂർവ്വം അപമാനിക്കുന്നതാണ്, വിശ്വാസത്തെ മനുഷ്യർ സൃഷ്ടിച്ച ‘ബിസിനസുകൾ’ എന്ന് പരിഹസിക്കുന്നുവെന്നും കുറിപ്പിലുണ്ട്.

മലയാളമടക്കമുള്ള സിനിമകളില്‍ ഹിന്ദുക്കളെ വില്ലന്മാരായും, അന്ധവിശ്വാസികളായും, വിഡ്ഢികളായും, സ്വാർഥരായും, പിന്നോക്കക്കാരായും ചിത്രീകരിക്കുന്നുവെന്നും കുറിപ്പില്‍ അവകാശപ്പെടുന്നു. ‘മറ്റ് മതങ്ങളെ പുരോഗമനപരവും കുലീനരുമായി കാണിക്കുമ്പോൾ, ഹിന്ദു ക്ഷേത്രങ്ങളെയും, ബ്രാഹ്മണരെയും, ആചാരങ്ങളെയും, വിശ്വാസങ്ങളെയും നിരന്തരം പരിഹസിക്കുന്നത് എന്തുകൊണ്ടാണ്? മറ്റ് മതക്കാരുടെ വിശ്വാസങ്ങള്‍ക്കെതിരെ ഇത്തരം സിനിമകൾ നിർമ്മിക്കാൻ ഈ സംവിധായകർ ധൈര്യപ്പെടുന്നില്ല. ഹിന്ദുക്കൾ ഇത് സഹിക്കുമെന്ന് അവർക്കറിയാവുന്നതുകൊണ്ടാണ് അവർ ഹിന്ദുമതത്തെ ആക്രമിക്കുന്നത്’ എന്നുമാണ് കുറിപ്പ്.

‘ഹിന്ദു വികാരങ്ങളെ മാനിക്കുക, ധൈര്യമുണ്ടെങ്കിൽ മറ്റ് മതങ്ങളെക്കുറിച്ചും ഇതേ തരത്തിലുള്ള സിനിമകൾ നിർമ്മിക്കുക. അല്ലെങ്കിൽ, ഹിന്ദുക്കൾക്കെതിരായ ഈ ഏകപക്ഷീയമായ ആക്രമണം നിർത്തുക!’ എന്നിങ്ങനെ സംവിധായകൻ കൃഷ്ണദാസ് മുരളിക്ക് മുന്നറിയിപ്പുമുണ്ട് കുറിപ്പില്‍. രണ്ടു ദിവസം മുന്‍പ് സനാതന്‍ കന്നഡ എന്ന അക്കൗണ്ടില്‍ നിന്നും എക്സില്‍ പങ്കുവച്ച കുറിപ്പിന് ഇതിനകം രണ്ട് ലക്ഷത്തോളം വ്യൂവേഴ്സിനെയാണ് ലഭിച്ചിട്ടുള്ളത്.

അതേസമയം, എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും തകര്‍ത്തെറിഞ്ഞ് തിയേറ്ററിലെന്ന പോലെ ഒടിടി പ്രേക്ഷകരേയും പൊട്ടിച്ചിരിപ്പിക്കുകയാണ് ചിത്രം. ഡാര്‍ക് ഹ്യൂമര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രത്തിലെ ബ്രില്യന്‍സും സോഷ്യല്‍ മീഡിയ ഹിറ്റാണ്. പലയിടത്തുമുള്ള റഫറന്‍സുകളും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ 50 കോടിയലധികം നേടിയാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തിയത്.

അതേസമയം ചിത്രത്തിനെതിരെയുള്ള വിദ്വേഷ പ്രചരണത്തോട് അണിയറ പ്രവര്‍ത്തകരോ നെറ്റ്ഫ്ലിക്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ചിത്രം കാണുന്ന ബഹുഭൂരിപക്ഷം പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിക്കുന്നത്. മലയാള ചിത്രം ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമായാണ് ചിത്രം തിയറ്ററിലെത്തിയത്.

ENGLISH SUMMARY:

The Malayalam hit film Mohiniyattam (a sequel to Bharathanatyam) has become the target of a boycott campaign by right-wing social media handles following its release on Netflix. Groups like 'Sanatan Kannada' on X claim the dark comedy-thriller insults Hinduism, specifically citing a scene involving Lord Rama as a deliberate mockery of faith. Critics of the film accuse the Malayalam industry of repeatedly portraying Hindu rituals and Brahmins in a negative light while showing other religions progressively. Despite the backlash and calls to ban Netflix, the movie continues to trend on the platform, receiving praise for its sharp satire and brilliant writing. Having earned over ₹50 crore at the box office, Mohiniyattam remains a favorite among a vast majority of viewers, with the makers choosing not to respond to the online hate campaign so far.