ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് വിവാദത്തിലായ ചെറിയാൻ ഫിലിപ്പിനെ ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. ‘കൺസെന്റ്’ എന്താണെന്ന് ഈ വിഡിയോ പഠിപ്പിക്കും എന്നാണ് ചിന്മയിയുടെ വാക്കുകള്‍. വിഡിയോയോട് പലരും നടത്തിയ പ്രതികരണങ്ങളെ പറ്റിയും ചിന്മയി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നുണ്ട്. കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാദ സംഭവമുണ്ടായത്. 

തന്നെ ആലിംഗനം ചെയ്യാനെത്തിയ ആളെ സ്ത്രീ തള്ളി മാറ്റുന്നുണ്ട്. അവര്‍ വ്യക്തമായ സൂചന നല്‍കുന്നുണ്ട്. എന്നിട്ടും അദ്ദേഹം വീണ്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. കൺസെന്റ് എന്താണ് എന്നത് ഈ വിഡിയോ നിങ്ങളെ പഠിപ്പിക്കും. എന്നാണ് ചിന്മയി വിഡിയോയില്‍ പറയുന്നത്. വിഡിയോയില്‍ ബിന്ദു കൃഷ്ണ ചിരിക്കുന്നതും വിനയം കാണിക്കുന്നതിന് എതിരെയും ഉയര്‍ന്ന കമന്‍റുകളെയും ചിന്മയി വിമര്‍ശിച്ചു. 

'ഇതൊക്കെയാണ് അതിക്രമത്തിന് ഇരയാകുന്ന സ്ത്രീ ചെയ്യേണ്ടത് എന്നാണ് ഈ കമന്റിടുന്നവരൊക്കെ കരുതുന്നത്. യഥാർഥ ജീവിതത്തിൽ അതൊന്നും നടക്കില്ല. ഇനി, ഞങ്ങൾ സ്ത്രീകൾ അത്രയും രൂക്ഷമായി പ്രതികരിച്ചാൽ ഞങ്ങൾ കൊലചെയ്യപ്പെട്ടേക്കാം, ആസിഡ് ആക്രമണം നേരിടേണ്ടി വന്നേക്കാം, പ്രതികരിക്കുന്ന സ്ത്രീകൾ ഇത്തരത്തിൽ ഒരുപാട് ക്രൂരതകൾ നേരിടേണ്ടി വരും' എന്നും ചിന്മയി പറഞ്ഞു. 

'സിനിമാ രംഗങ്ങൾ അനുസ്മരിപ്പിക്കുംവിധമുള്ള പ്രതികരണങ്ങളൊന്നും നിങ്ങൾ സ്ത്രീകളിൽ നിന്ന് പ്രതീക്ഷിക്കരുത്. ഈ കമന്റിടുന്നതു പോലെയാണ് സ്ത്രീകൾ പ്രതികരിക്കേണ്ടത് എന്ന് ആരും കരുതരുത്. അതാണ് ആ സ്ത്രീയോട് കാണിക്കേണ്ട മിനിമം മര്യാദ. രാഷ്ട്രീയ പാർട്ടികൾ സ്ത്രീകൾക്ക് മേലുള്ള അതിക്രമം തടയാനുള്ള ആഭ്യന്തര കമ്മിറ്റികൾ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചു. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന ക്ലാസും പുരുഷൻമാർക്ക് ഈ പാർട്ടികൾ എടുത്തുകൊടുക്കണം. ഇത്തരം ആളുകളാണല്ലോ നമുക്ക് വേണ്ട നയങ്ങൾ രൂപീകരിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്', എന്നും ചിന്മയി പറഞ്ഞു. 

ENGLISH SUMMARY:

Chinmayi Sripada's criticism highlights the Chiryan Philip controversy where he attempted to hug Bindu Krishna, sparking debate about consent. She emphasizes that the video demonstrates what consent truly means and criticizes reactions that blame the victim.