രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് മുതൽ വിജയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. സിനിമാ– രാഷ്ട്രീയ മേഖലകളില്‍ നിന്ന് പലരും ഇത്തരത്തില്‍ വിമര്‍ശനവുമായെത്തി. അത്തരത്തില്‍ വിജയ്ക്കെതിരെ സംസാരിച്ചവരില്‍ ഒരാളായിരുന്നു നടിയും റിയാലിറ്റിഷോ താരവുമായ ജൂലി. വിജയ്‌യുടെ വ്യക്തി ജീവിതയും സംഗീതയുടെ വിവാഹമോചന ഹർജിയുമെല്ലാമായിരുന്നു ജൂലി ആയുധമാക്കിയത്. വിജയ്ക്ക് ഒരു രാഷ്ട്രീയ നേതാവാകാൻ യോഗ്യതയില്ല, തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നുമായിരുന്നു ജൂലിയുടെ പക്ഷം. വിജയ്ക്കെതിരെ നിരവധി വിഡിയോകളാണ് ജൂലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്.
എന്നാല്‍ ജൂലിയുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ചരിത്രവിജയം നേടി. വിജയ്ക്കാകട്ടെ മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും മിന്നും ജയം. ഇതോടെ ജൂലിയെ തിരഞ്ഞ് വിജയ് ആരാധകരും രംഗത്തെത്തി. ‘ജൂലി എവിടെ?’ എന്ന ചോദ്യവുമായാണ് ആരാധകര്‍ സോഷ്യൽ മീഡിയയിലെത്തിയത്. ‘ജൂലിയെ കാണാനില്ല’ എന്നതരത്തില്‍ പരിഹാസ പോസ്റ്റുകളും നിറഞ്ഞു. ഇതോടെ പ്രതികരണവുമായി ജൂലിയെത്തി. താൻ ഒരിടത്തും പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ വിഡിയോയില്‍ ജൂലി പ്രതികരിച്ചു. പ്രതിപക്ഷത്തുള്ള ഡിഎംകെ എത്രത്തോളം അപകടകരമെന്ന് ഇനിയാണ് നിങ്ങൾക്ക് മനസിലാകാൻ പോകുന്നതെന്നും ജൂലി പറയുന്നു.
‘ജൂലിയെ കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്ററുകൾ കണ്ടു. ഞാൻ എവിടെയും പോയില്ല. ഇവിടെ തന്നെയുണ്ട്. രാഷ്ട്രീയത്തിൽ ആർക്കും നിരന്തരമായ വിജയവും പരാജയും ഇല്ല. അത് മനസിലാക്കിയിട്ടുള്ളവരാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. തോറ്റെന്ന് കരുതി ഞങ്ങൾ വിഷമിക്കില്ല. ജയിച്ചതിനെക്കാൾ കൂടുതൽ പ്രതിപക്ഷത്ത് ഇരുന്നാണ് ഞങ്ങൾക്ക് ശീലം. ഇതിപ്പോൾ ആദ്യമായിട്ടല്ലേ വിജയ് രാഷ്ട്രീയത്തിൽ വന്നിരിക്കുന്നത്. പ്രതിപക്ഷത്ത് ഡിഎംകെ ഇരിക്കുമ്പോൾ അത് എത്രത്തോളം അപകടകരമെന്ന് ഇനി നിങ്ങൾക്ക് മനസിലാകും. അടിയുണ്ടാക്കി ശീലമുള്ളവരാണ് ഞങ്ങൾ. ഇനിയും അതിന് തയാറാണ്. നിങ്ങളുടെ വിജയം കണ്ടു. അഭിനന്ദനങ്ങൾ’– ജൂലി വിഡിയോയില്‍ പറഞ്ഞു.
‘വാങ്കേ, കളത്തിൽ വച്ച് കാണാം. ഇനിമേ താ ആട്ടം സൂപ്പറ സൂട് പിടിക്ക പോകത്’ എന്ന വെല്ലുവിളിയുമുണ്ട്. ഇതോടെ വിജയ് ആരാധകരും ജൂലിയും തമ്മില്‍ സൈബര്‍ ലോകത്തും പോരാട്ടം ചൂടുപിടിക്കുകയാണ്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ജൂലിക്കെതിരെ കമന്‍റ് ബോക്സില്‍ എത്തുന്നത്. ഇതുവരെ അഞ്ച് മില്ല്യണോളം ആളുകളാണ് ജൂലിയുടെ പ്രതികരണം ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്.
അതേസമയം, 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. വിജയ് ആകട്ടെ പേരമ്പൂർ, തിരിച്ചിറപ്പള്ളി ഈസ്റ്റ് എന്നിങ്ങനെ മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കത്തിലേക്കും ടിവികെ കടന്നിട്ടുണ്ട്. എങ്കിലും കേവലഭൂരിപക്ഷത്തിന് 118 സീറ്റായിരിക്കെ 11 എംഎൽഎമാരുടെ പിന്തുണകൂടി ടിവികെയ്ക്ക് ആവശ്യമാണ്.