നടന്‍ സന്തോഷ് കെ.നായരുടെ മരണത്തില്‍ അനുശോചനവുമായി സുരേഷ് ഗോപി. താരത്തിന്‍റെ ബന്ധു കൂടിയായ സന്തോഷിന്‍റെ വിയോഗം വാക്കുകള്‍ക്കും അപ്പുറമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. 'വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട... ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ,' സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ സുരേഷ് ഗോപി പറഞ്ഞു.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സന്തോഷിന്‍റെ അന്ത്യം സംഭവിച്ചത്. സന്തോഷ് സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെയാണ് പത്തനംതിട്ട ഏനാത്ത് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.