സിനിമ നിര്‍മിച്ച് തകര്‍ന്നുപോയെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസമാണ് നടന്‍ സുബീഷ് സുധി രംഗത്തെത്തിയത്. സിനിമാ നിര്‍മാണ ഘട്ടത്തിലും പിന്നീട് ചിത്രം ഒടിടിയില്‍ വില്‍പനയ്ക്ക് ശ്രമിച്ചപ്പോഴും താന്‍ കബളിപ്പിക്കപ്പെട്ടതിനു പിന്നാലെ വീട്ടുകാര്‍ പോലും പലരില്‍ നിന്നായി ഭീഷണി നേരിടുകയാണെന്നും സുബീഷ് പറഞ്ഞു. പ്രധാന വേഷത്തിലെത്തിയ ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’എന്ന ചിത്രമാണ് തന്‍റെ ജീവിതത്തെ തലകീഴായി മറിച്ചതെന്നാണ് നടന്‍ സുബീഷ് സുധി പറയുന്നത്.

സിനിമാ നിര്‍മാണത്തില്‍ പങ്കാളിയായതിനു പിന്നാലെ വന്ന ബാധ്യത കാരണം രണ്ടു തവണ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് നടന്‍ പറഞ്ഞിരുന്നു. പിന്നീടുണ്ടായ പ്രതീക്ഷ ഒടിടി വില്‍പനയായിരുന്നു. ഒടിടി വില്‍പനയ്ക്ക് ശ്രമിക്കുന്നതിനിടെ മുംബൈയില്‍ സഹായികളായെത്തിയ ഏജന്റുമാര്‍ പണം വാങ്ങി കബളിപ്പിച്ചെന്നും വീട് പോലും ജപ്തിയിലാണെന്നും നടന്‍ തുറന്നു പറഞ്ഞു. പണം നല്‍കാനുള്ളവരില്‍ നിന്നും ഇപ്പോള്‍ തന്‍റെ അമ്മയുള്‍പ്പെടെയുള്ള വലിയ ഭീഷണിയാണ് നേരിടുന്നതെന്നും നടന്‍ പറ​ഞ്ഞഉ. ഇനിയുള്ള തന്‍റെ ഏകെ പ്രതീക്ഷ ചിത്രത്തിന്റെ റീ–റിലീസ് മാത്രമാണെന്നും അതിനും നല്ലൊരു വിതരണസംഘത്തെ ആവശ്യമാണെന്നും നടന്‍ പറയുന്നു. മറ്റൊരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് സുബീഷ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഇപ്പോള്‍ എല്ലാ ബാധ്യതയും തന്റെ തലയിലാണെന്നും തന്റെ സിനിമ റിലീസ് ചെയ്ത സമയം മോശമായിപ്പോയെന്നുമാണ് നടന്‍ ആവര്‍ത്തിക്കുന്നത്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളും, പിന്നാലെ മാര്‍ച്ചിലെ പരീക്ഷകള്‍, നോയമ്പ് അങ്ങനെ എല്ലാം പ്രതികൂല ഘടകങ്ങളായിരുന്നുവെന്നും നടന്‍ പറയുന്നു. ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ നല്ല സിനിമയാണെന്ന് കണ്ടവരെല്ലാം പറഞ്ഞിരുന്നുവെങ്കിലും തന്റെ സമയം മോശമായിപ്പോയെന്നും സുബീഷ് വ്യക്തമാക്കുന്നു.

 

Subish Sudhi's Film Production Woes: A Story of Loss and Threat:

Actor Subish Sudhi has revealed that he lost everything after producing a film, facing financial ruin and threats from lenders, with even his family being harassed. He is now hoping for a re-release of his film 'Oru Sarkar Utpannam' to recover from his predicament.