റിയാലിറ്റി ഷോ താരം ഫിറോസ് ഖാനും ഒരു നടിയും തമ്മിൽ പാർട്ടിക്കിടെ ചുംബിച്ചുവെന്ന സജ്‌ന നൂറിന്റെ ആരോപണം തള്ളി സംഭവത്തിലെ നടി രംഗത്ത്. സജ്‌ന പറഞ്ഞതുപോലെയല്ല സംഭവിച്ചതെന്നും തന്‍റെ സമ്മതമില്ലാതെ ഫിറോസ് ഖാൻ മോശമായി പെരുമാറുകയായിരുന്നുവെന്നും നടിയുടേതായി പ്രചരിക്കുന്ന ഓഡിയോയിൽ വ്യക്തമാക്കുന്നു.
ബാത്റൂമിനുള്ളിൽ വച്ച് നടിയും ഫിറോസും ഫ്രഞ്ച് കിസ്സ് ചെയ്തുവെന്നായിരുന്നു സജ്നയുടെ ആരോപണം. എന്നാൽ സജ്‌നയുടെ വാദം നടി പാടെ നിഷേധിച്ചു. താൻ ബാത്റൂമിനുള്ളിൽ കയറിയിട്ടുപോലുമില്ലെന്നും പുറത്തുനിന്ന തന്നെ ഫിറോസ് കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നും നടി വ്യക്തമാക്കുന്നു.
കൊറോണയ്ക്ക് മുമ്പ് ടെലികാസ്റ്റ് ചെയ്തിരുന്ന ടിവി പ്രോഗ്രാമിനിടെ ചെന്നൈയിൽ വച്ചാണ് ഈ സംഭവം. ഷൂട്ടിന് ശേഷം ചില സീനിയർ ആർട്ടിസ്റ്റുകൾ സംഘടിപ്പിച്ച പാർട്ടി നടിയുടെ റൂമിലാണ് നടന്നത്. അന്ന് പുതുമുഖമായതിനാൽ തനിക്ക് അത് എതിർക്കാൻ കഴിഞ്ഞില്ലെന്ന് നടി പറയുന്നു. പാർട്ടിയിൽ പങ്കെടുത്തവർ മദ്യവും സിഗരറ്റും ഉപയോഗിച്ചിരുന്നുവെന്നും സിഗരറ്റിനുള്ളിൽ ലഹരിപദാർത്ഥം എന്ന് തോന്നിപ്പിക്കുന്ന കറുത്ത പൊടി നിറച്ച് അവർ വലിച്ചിരുന്നുവെന്നും നടി പറഞ്ഞു.
സജ്‌ന ഇപ്പോൾ പറയുന്നത് പൂർണമായും വളച്ചൊടിച്ച കാര്യങ്ങളാണെന്നും, ഒരാളെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ‘ഇറ്റ്സ് മി കൈസ്’ എന്ന യൂട്യൂബ് ചാനലിലൂടെ നടി വെളിപ്പെടുത്തി. ഈ സംഭവത്തോടെ സജ്‌നയുടെ മറ്റ് ആരോപണങ്ങളുടെ വിശ്വാസ്യതയും സംശയത്തിലാണെന്നും താരം വ്യക്തമാക്കുന്നു.
'പാർട്ടിക്കിടെ ബാത്‌റൂമിൽ പോകാനായി നിന്ന എന്‍റെ കയ്യിൽ ആ വ്യക്തി കടന്നു പിടിക്കുകയും സിഗരറ്റ് എന്‍റെ ചുണ്ടോട് അടുപ്പിക്കാൻ പോകുന്നതുപോലെ വരികയും ചെയ്തു. എനിക്ക് പ്രതികരിക്കാൻ പോലും കഴിയുന്നതിനു മുൻപ് അയാൾ പെട്ടെന്ന് എന്നെ കിസ് ചെയ്തു. ഞാൻ ആകെ പാനിക്ക് ആയിപ്പോയി. ഞാൻ അന്ന് കുറച്ചുകൂടി ചെറുപ്പമാണ്, പുതുമുഖമാണ്, ഇന്നത്തെ അവസ്ഥയാണെങ്കിൽ ഞാൻ രൂക്ഷമായി പ്രതികരിച്ചേനേ, പക്ഷേ അപ്പോൾ എന്ത് പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥയായിപ്പോയി.
അതേസമയം തന്നെ സജ്‌ന ബാത്റൂമിൽ കയറി വാതിൽ അടച്ചിരുന്നു. കണ്ണാടിയിലൂടെ അവർ എല്ലാം കാണുന്നുണ്ടായിരുന്നു, അവരുടെ ഭർത്താവ് എന്നോട് മോശമായി പെരുമാറുന്നത് അവർ വ്യക്തമായി കണ്ടു. എന്നിട്ടും അപ്പോഴൊന്നും അവർ പ്രതികരിച്ചില്ല എന്നിട്ട് ഇപ്പോൾ പറയുകയാണ് ബാത്റൂമിനുള്ളിൽ വച്ച് കെട്ടിപ്പിടിച്ചെന്നും ഫ്രഞ്ച് കിസ്സ് ചെയ്തുവെന്നും.
എല്ലാം കണ്ടുകൊണ്ട് അകത്ത് കയറി വാതിലടച്ച ആ സ്ത്രീ കുറച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോൾ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ 'ഹായ്' ഒക്കെ പറഞ്ഞ് ഡാൻസ് കളിച്ചും ചില്ല് ചെയ്തുമാണ് അവർ വന്നത്. പക്ഷേ ആ മനുഷ്യൻ (ഭർത്താവ്) നേരെ തിരിച്ചായിരുന്നു. നനഞ്ഞ പടക്കം പോലെ, അല്ലെങ്കിൽ വെള്ളത്തിൽ മുക്കിയ കോഴിയെപ്പോലെ അയാൾ ആകെ സൈലന്റായിപ്പോയി. ആ ഒരു സാഹചര്യത്തിൽ എനിക്ക് അവിടെ അധികനേരം നിൽക്കാൻ തോന്നിയില്ല'.
ഈ സംഭവത്തിന് ശേഷം അവർ എന്നോട് ഒന്നും ചോദിക്കാനോ സംസാരിക്കാനോ വന്നില്ല. ആകെ അസ്വസ്ഥത നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്. സംഭവത്തിന് ശേഷം മാനസികമായി തകർന്ന തനിക്ക് ട്രാൻസ് വ്യക്തികളായ ദീപ്തി കല്യാണിയും ഹരിണിയുമാണ് ഉറങ്ങാൻ മുറി വിട്ടുതന്നതെന്നും നടി പറഞ്ഞു.