mammootty-mohanlal

Image Credit : Instagram

ലോകമെമ്പാടുമുളള എല്ലാ മലയാളികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും നാളുകള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം നയന്‍താരയും, കു‍ഞ്ചാക്കോ ബോബനും, രേവതിയും, ഫഹദ് ഫാസിലുമടക്കം വലിയൊരു താരനിര കൂടി അണിനിരക്കുന്നു എന്നതും ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടുകയാണ്. നാളെ മെയ് ഒന്നിന് ചിത്രം ആഗോളതലത്തില്‍ റിലീസ് ആകാനിരിക്കെ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് താരരാജാക്കന്മാര്‍.

മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുളള വിഡിയോ കോള്‍ സംഭാഷണമാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ കോളിന്‍റെ ഫുള്‍ വിഡിയോ തല്‍സമയം പങ്കുവച്ചിരിക്കുന്നത്. ഇരുവരും തമ്മിലുളള സംഭാഷണത്തിനിടയില്‍ കു‍ഞ്ചാക്കോ ബോബനും പങ്കുചേരുന്നുണ്ട്. മമ്മൂട്ടിയും കു‍ഞ്ചാക്കോ ബോബനും കേരളത്തില്‍ നിന്നും മോഹന്‍ലാല്‍ ന്യൂയോര്‍ക്കില്‍ നിന്നുമാണ് വിഡിയോ കോളില്‍ എത്തിയത്. മൂവരും പേട്രിയറ്റിന്‍റെ വിശേഷങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷകളുമൊക്കെയാണ് പങ്കുവയ്ക്കുന്നത്. 

സ്റ്റേജ് ഷോകൾക്കായി യുഎസ്സിലുള്ള മോഹന്‍ലാല്‍ ആദ്യദിനം തന്നെ ചിത്രം കാണുമെന്ന് പറഞ്ഞപ്പോള്‍ താന്‍ നാളെ രാവിലെ ചിലപ്പോള്‍ ദുബായിക്ക് പോകുമെന്നും അവിടെ നിന്നും സിനിമ കാണാമെന്നുമാണ് മമ്മൂട്ടി പറയുന്നത്. തനിക്ക് ബെംഗളൂരുവിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്നും അവിടെ വെച്ച് ചിത്രം കാണുമെന്ന് കുഞ്ചാക്കോ ബോബനും വ്യക്തമാക്കി. നമ്മള്‍ നാളുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമല്ലേ പേട്രിയറ്റ് എന്ന് മോഹന്‍ലാലും ഇനിയും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാവട്ടെയെന്ന് മമ്മൂട്ടിയും പറയുന്നു. മൂവരും തമ്മിലുളള രസകരമായ സംഭാഷണം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. 27 ലക്ഷത്തിലേറെ പേരാണ് താരങ്ങളുടെ വീഡിയോ കോൾ ഇൻസ്റ്റഗ്രാമിൽ ഇതിനോടകം കണ്ടത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the much-anticipated Mahesh Narayanan film Patriot, which marks the reunion of Mammootty and Mohanlal after a long time. The movie also boasts a stellar cast including Nayanthara, Kunchacko Boban, Revathi, and Fahadh Faasil, further amplifying its hype ahead of its global release on May 1st.