Image: Instagram, Deepthijanarddan
ഒരു തവണ പരാജയപ്പെട്ടുപോയ മോഹം വര്‍ഷങ്ങള്‍ക്കിപ്പുറം പൂവണിഞ്ഞ സന്തോഷവാര്‍ത്ത പങ്കുവച്ച് നടന്‍ നീരജ് മാധവിന്റെ ഭാര്യ ദീപ്തി ജനാര്‍ദനന്‍. കോളജ് കാലത്ത് പരാജയപ്പെട്ടുപോയ തന്റെ സ്വപ്നമായ ഐഐഎം പ്രവേശനം ഇപ്പോള്‍ നേടിയിരിക്കുകയാണ് ദീപ്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദീപ്തി തന്റെ സ്വപ്നനേട്ടം പങ്കുവച്ചത്.
‘അന്ന് പരാജയമേറ്റുവാങ്ങിയതോടെ ആ സ്വപ്നം ഉപേക്ഷിച്ചു, പിന്നെ ജോലിയും തിരക്കുകളുമായി ജീവിതം സുരക്ഷിതമായ മറ്റൊരിടത്ത് ഒതുങ്ങി, വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സ്വപ്നം പക്ഷേ വേട്ടയാടി, നേടിയെടുക്കണമെന്ന അഗാധമായ ആഗ്രഹം ആ നേട്ടത്തിലെത്തിച്ചു. തിരിച്ചുവരവ് പക്ഷേ അത്ര എളുപ്പമായിരുന്നില്ല.
പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു അതിന്റെ അർത്ഥം. സ്വന്തം സംശയങ്ങളെ നേരിടേണ്ടി വന്നു, എല്ലാം വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. പക്ഷേ ഇത്തവണ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. ഇന്ന് ഇവിടെ നിൽക്കുമ്പോൾ, പുതിയ ഒരിടത്ത് എത്തിയതായല്ല മറിച്ച് പണ്ടെന്നോ ഉപേക്ഷിച്ചുപോയ എന്റെ തന്നെ ഒരു പതിപ്പിലേക്ക് ഞാൻ തിരികെ എത്തിയതുപോലെ തോന്നുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഞാൻ വീണ്ടും ഒരു കോളജ് വിദ്യാർഥിയെപ്പോലെ ചിരിച്ചു, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മർദ്ദമില്ലാതെ കൗതുകത്തോടെ ക്ലാസ് മുറികളിലിരുന്നു. ഞാൻ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്ന് എനിക്ക് പോലും അറിയാതിരുന്ന ആ പഴയ ലഘുത്വം ഞാൻ തിരിച്ചറിഞ്ഞു.– ദീപ്തി കുറിക്കുന്നു. കോഴിക്കോട് ഐഐഎമ്മിനു മുന്‍പില്‍ നിന്നുള്ള ചിത്രം കൂടി പങ്കുവച്ചാണ് ദീപ്തിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.