മകന് കൂട്ടായി കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷം പങ്കുവച്ച് നടി അമല പോള്‍. തന്റെ മകൻ ഇളൈയ്ക്ക് കൂട്ടായി സഹോദരൻ അഭിജിത് പോളിനും ഭാര്യ അൽക്ക കുര്യനും കുഞ്ഞ് ജനിക്കാൻ പോകുന്ന വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അനുജന്റെയും ഭാര്യയുടെയും മനോഹരമായ മെറ്റേണിറ്റി ഷൂട്ട് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച താരം, തന്റെ സന്തോഷം വാക്കുകൾക്ക് അപ്പുറമാണെന്ന് കുറിച്ചു.

'നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി എത്തുന്നു. തന്റെ പാർട്ണർ ഇൻ ക്രൈമിനെ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷകരമായ ഒരു യാത്ര ആശംസിക്കുന്നു,' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

 

2021-ലാണ് മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഭിജിത് പോളും അൽക്കയും വിവാഹിതരായത്. 'ലൈല ഓ ലൈല' എന്ന ചിത്രത്തിലൂടെ അഭിജിത് സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2024 ജൂണിലായിരുന്നു അമല പോളിനും ജഗദ് ദേശായിക്കും മകൻ ഇളൈ ജനിച്ചത്. മകൻ ജനിച്ച് രണ്ട് വയസാകുമ്പോഴാണ് കുടുംബത്തിലേക്ക് ഈ പുതിയ അതിഥി എത്തുന്നത്. 

പ്രസവശേഷം ഫിറ്റ്നസിലേക്ക് അതിവേഗം മടങ്ങിയെത്തിയ അമല, നിലവിൽ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആസിഫ് അലി നായകനായ 'ലെവൽ ക്രോസ്' ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ENGLISH SUMMARY:

South Indian actress Amala Paul shares the joyous news of a new arrival in her family. Her brother Abijith Paul and wife Alka Kurian are expecting their first baby, and Amala shared a heartwarming maternity shoot video to celebrate.