പ്രസവത്തെ പറ്റിയുള്ള തന്‍റെ കാഴ്ചപ്പാടുകളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി വീണ്ടും അഖില്‍ മാരാര്‍. താന്‍ പറഞ്ഞതില്‍ നിന്നും റീച്ചിനായി ഒരു ചെറിയ ഭാഗം മാത്രം പ്രചരിപ്പിച്ചുവെന്നും പറഞ്ഞതിന്‍റെ അര്‍ഥം മനസിലാകണമെങ്കില്‍ അമ്മയോട് തന്നെ ചോദിച്ചുനോക്കൂ എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കിൽ സൃഷ്ടി എന്ന മഹത്തായ കർമത്തിന്‍റെ മൂല്യം തിരിച്ചറിയണം. മാതൃത്വത്തിന്‍റെ മഹത്വം തിരിച്ചറിയണം. സ്ത്രീയുടെ ഗർഭ കാലത്തെ കച്ചവടമാക്കി വയർ കുത്തി കീറി പണം കീശയിലാക്കാൻ നടക്കുന്ന ചെന്നായകളെ തിരിച്ചറിയണമെന്നും അഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തന്നെ പരിഹസിച്ച് എന്താണ് പുതുതലമുറയിലെ പെൺകുട്ടികളോട് പറഞ്ഞു വെക്കുന്നതെന്ന് ചോദിക്കുന്ന അഖില്‍ തന്നെ എതിർക്കുക അല്ല ഭാവിയിൽ കുടുംബം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഈ വിഭാഗത്തിന് എന്നും ആരോപിക്കുന്നുണ്ട്. സ്വന്തം ഭാര്യയുടെ ഗര്‍ഭകാലത്തെയും മക്കളുടേയും ചിത്രങ്ങള്‍ പങ്കുവച്ചാണ് അഖിലിന്‍റെ പോസ്റ്റ്.
'പണ്ട് സ്ത്രീകള്‍ വളരെ കൂളായിട്ടാണ് പ്രസവിച്ചുകൊണ്ടിരുന്നത്. ചിലരൊക്കെ തമാശയായി പറയും, അവള് പോയി പ്രസവിച്ചിട്ട് രണ്ട് കിലോ അരി ഇടിച്ചുവച്ചിട്ടുണ്ടെന്ന്. അപ്പോള്‍ ഇത്ര നിസാരമായി സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്ത ചെയ്തിരുന്ന പ്രോസസിനെ ഇവിടത്തെ കുറേ ആശുപത്രികള്‍ വന്ന്, രക്ഷാകര്‍ത്താക്കളെ സമ്മര്‍ദത്തിലാക്കി ആധി കയറ്റി.. ഗര്‍ഭിണി ആയി കഴിഞ്ഞാല്‍ തന്നെ എനിക്കെന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുത്തു, പേടിപ്പിച്ച് പേടിപ്പിച്ച് ഒന്‍പത് മാസം പ്രസവിക്കാനും പറ്റാതെ സിസേറിയനുമായി ആകെ കോപ്ലിക്കേറ്റഡാക്കിവക്കും’ എന്നായിരുന്നു അഖിലിന്‍റെ പരാമര്‍ശം. പരാമര്‍ശം വിവാദമാകുകയും ട്രോളുകള്‍ വരികയും ചെയ്തതോടെ നേരത്തെയും അഖില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഗർഭാവസ്ഥ ഒരു രോഗമല്ലെന്നും, അത് ആസ്വദിക്കേണ്ട ഒന്നാണെന്നുമാണ് താൻ പറഞ്ഞതെന്നാണ് വിശദീകരണം. ഇപ്പോളിതാ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖില്‍.
ട്രെൻഡിങ് ആകുന്നത് എടുത്ത് റീൽ ഉണ്ടാക്കുക അതിലൂടെ റീച്ച് ഉണ്ടാക്കുക അതിനപ്പുറം ആഗ്രഹമൊന്നും പലർക്കുമില്ലെന്നും ‘പ്രസവം എൻജോയ് ചെയ്യണം’ എന്ന് പറഞ്ഞതിന് അവര്‍ സ്വയം അർഥം കല്‍പിക്കുന്നുവെന്നും അഖില്‍ പറയുന്നു. ‘ഇവര്‍ക്ക് ‘എന്‍ജോയ്മെന്‍റ്’ എന്നാല്‍ കള്ളും, കഞ്ചാവും, ലഹരിയും സെക്സും ആയിരിക്കും ഡാൻസ്, പാട്ട്, ക്രിക്കറ്റ് എന്നിങ്ങനെ വേദനയില്ലാത്തവയായിരിക്കും. എന്നാല്‍ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ, ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ ഇവയൊക്കെ നേടുമ്പോൾ നമ്മൾക്ക് വേദന ഉണ്ടാകും ആ വേദന മറക്കണമെങ്കിൽ ആ പ്രോസസ് എൻജോയ് ചെയ്താൽ മതിയെന്നും അഖില്‍ പറയുന്നു.
‘അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ബാധ്യതയായി കാണില്ല അവളെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നിമിഷം ആണ്. അത് ബാധ്യത ആയി അവൾക്ക് തോന്നിയാൽ അതിന് കാരണമായ ഭർത്താവിനെയും തനിക് വേദന സമ്മാനിച്ച കുഞ്ഞിനേയും അവൾ ശപിക്കും. ജീവിതത്തിൽ ഒരിക്കലും പ്രസവിക്കാൻ പിന്നീടവൾ തയ്യാറാവില്ല. അവളത് ചെയ്യാതെ വീണ്ടും ഗർഭിണി ആകുന്നത് പ്രസവം സന്തോഷം നൽകിയത് കൊണ്ടാണ്. അവളൊരു അമ്മ ആകാൻ പോകുന്നു എന്ന സന്തോഷം സമ്മാനിച്ച വേദന കുഞ്ഞിന്റെ മുഖം കാണുന്ന നിമിഷം അവൾ മറക്കുന്നു’- അഖില്‍ പറയുന്നു.
‘എന്നാല്‍ സമൂഹത്തിന്റെ നിർബന്ധം കൊണ്ട് അല്ലെങ്കിൽ അബദ്ധം പറ്റി ഗർഭിണി ആകുന്നവരുണ്ട്. അവരെ സംബന്ധിച്ച് ഇത് പോലെ പ്രയാസം നിറഞ്ഞ ഒരു കാലം അവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല. വയറ്റിൽ വളരുന്ന കുഞ്ഞു മൂലം ശരീര സൗന്ദര്യം പോയി. ഭർത്താവിനെ കൂടാതെ വേറൊരുത്തനെ കൂടെ കൂട്ടാൻ പറ്റുന്നില്ല. ഇനി പ്രസവിച്ചു കഴിഞ്ഞാലോ സമാധാനം നഷ്ടപ്പെട്ടു. അവര്‍ക്ക് ജീവിതം തകർത്ത ഒരു നിമിഷം ആയി പ്രസവം മാറും. അതോടെ അതിന് കാരണമായ സമൂഹത്തെയും ഭർത്താവിനെയും ശപിക്കും. പതിയെ ഇവരുടെ കുടുംബം ഇല്ലാതാകും. അതിന് ശേഷം സ്ത്രീകളെ രക്ഷിക്കാൻ ഒരു വരവുണ്ട് അതാണ് കുറെയൊക്കെ ഇപ്പോൾ കാണുന്നത്’ അഖില്‍ കുറിച്ചു.
ഒരു സ്ത്രീ സ്വാഭാവിക പ്രസവത്തിലേക്ക് പോകാതിരിക്കുന്നതിനുള്ള കാരണവും അഖില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ‘പ്രസവിച്ചാൽ സഹിക്കാൻ കഴിയാത്ത വേദന ആണെന്ന് പറഞ്ഞു ഭയം സൃഷ്ടിക്കുക, മാനസിക സംഘർഷം ഉണ്ടാക്കി പ്രസവിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുക’ എന്നിവയാണ് അതെന്നും അഖില്‍ ആരോപിക്കുന്നു. 10000 രൂപയ്ക്ക് തീരേണ്ട ഗർഭ കാലം 2 മുതൽ 3 ലക്ഷം വരെ ആശുപത്രിയിൽ നൽകി സ്വന്തം ശരീരം ഇല്ലാതാക്കി സ്ത്രീ അമ്മ ആകുന്ന അവസ്ഥ ആരാണ് ഉണ്ടാക്കി എടുത്തതെന്നും അഖില്‍ കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. തന്നെ പരിഹസിച്ച് എന്താണ് പുതു തലമുറയിലെ പെൺകുട്ടികള്‍ക്ക് നല്‍കുന്നതെന്നും എന്നെ എതിർക്കുക അല്ല ഭാവിയിൽ കുടുംബം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഒരു വിഭാഗത്തിനെന്നും മറ്റൊരു കൂട്ടർ റീച്ചിനായാണ് ശ്രമിക്കുന്നതെന്നും അഖില്‍ ആരോപിക്കുകയും ചെയ്യുന്നു.