സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളുകള്‍ നേരിടാറുള്ള താരമാണ് ടിനി ടോം. അടുത്തിടെ താരം വീണ്ടും എയറിലായിരുന്നു. 'എമ്പുരാനി'ലെ 'എബ്രഹാം ഖുറേഷി'യായി വേദിയിലെത്തിയതിന് പിന്നാലെയായിരുന്നു ടിനി ടോമിനെതിരെ വീണ്ടും ട്രോളുകളുയര്‍ന്നത്.
എന്നാല്‍ ട്രോളുകള്‍ തനിക്കൊരു വിഷയമേയല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ടിനി ടോം. ജപ്പാനിലെ ഒരു പരിപാടിയിലേക്ക് വീണ്ടും 'എമ്പുരാനാ'യി അവതരിച്ചിരിക്കുകയാണ് ടിനി. ജപ്പാനിലെ വേൾഡ് മലയാളി ഫെഡറേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കാനാണ് ടിനി എത്തിയത്. ടിനിയുടെ എമ്പുരാന് വേദിയിൽ നിന്നും കയ്യടിയും കിട്ടി. ഇത്തവണ സൺ ഗ്ലാസിനൊപ്പം വെളുത്ത കളർ വസ്ത്രമാണ് ടിനി ധരിച്ചിരിക്കുന്നത്.
ലിറ്റ ജപ്പാന്‍ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വിഡിയോയില്‍ ടിനി ടോമിനേയും കൊളാബ് ചെയ്തിരുന്നു. 'ട്രോളുകൾക്കിടയിലും തളരാതെ മുന്നേറുന്ന ആവേശം. ജപ്പാനിൽ നിറഞ്ഞ കൈയടിയോടെ Empuraan. തോൽക്കാൻ മനസില്ല,' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. തോല്‍ക്കാന്‍ മനസില്ലെന്ന് ടിനിയും കമന്‍റില്‍ കുറിച്ചു.
അതേസമയം ഈ വിഡിയോക്കും നെഗറ്റീവ് കമന്‍റുകളാണ് ലഭിക്കുന്നത്. 'തൊലിക്കട്ടി അപാര'മെന്നാണ് കമന്റുകൾ ഏറെയും. 'മോഹൻലാൽ ഇതൊന്നും കാണുന്നില്ലേ? ഒന്ന് പറഞ്ഞു വിലക്കാൻ', 'കേസ് കൊടുക്കണം ലാലേട്ടാ', 'സഹിക്കുന്നവരെ സമ്മതിക്കണം', 'ഇത് തീർന്നില്ലേ ഇതുവരെ?', എന്നിങ്ങനെയാണ് കമന്‍റുകള്‍.