bijeesh-jude-anthony

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരില്‍ 'തുടക്കം' സിനിമയുടെ അണിയറ പ്രവര്‍ത്തകനും. തുടക്കം സിനിമയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് വെടിക്കെട്ട് അപകടത്തില്‍ മരിച്ചത്. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ബിജീഷിന് അനുശോചനം രേഖപ്പെടുത്തി പോസ്റ്റ് പങ്കുവച്ചു. കഴിഞ്ഞ വര്‍ഷത്തെ തിരുവമ്പാടി വിഭാഗത്തിന്‍റെ പടക്കനിര്‍മാണത്തിനും ബിജീഷുണ്ടായിരുന്നു. അന്ന് പടക്കനിര്‍മാണത്തിനുണ്ടായിരുന്നവരെല്ലാം ചേര്‍ന്നെടുത്ത ചിത്രവും ബിജീഷ് പങ്കുവച്ചിട്ടുണ്ടായിരുന്നു. 

അതേസമയം മുണ്ടത്തിക്കോട് ശരീരാവശിഷ്ടങ്ങൾക്ക് വേണ്ടി കടാവർ നായകളെ അടക്കം കൊണ്ടുവന്നുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണ്. അപകടകാരണം കണ്ടെത്താൻ ഫോറൻസിക് സംഘവും, പെസോ ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. അപകട സമയത്ത് വെടിക്കെട്ട് പുരകളിൽ ഉണ്ടായിരുന്നത് 34 പേരെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് കരിമരുന്ന് നിറച്ച അമിട്ടുകൾ ഉണ്ടായിരുന്നു.

വെടിമരുന്ന് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞത് എട്ടുപേരെയാണ്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ഒന്‍പത് മൃതദേഹങ്ങളില്‍ എട്ടെണ്ണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നിലവില്‍ പതിമൂന്നുപേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഉയര്‍ന്നേക്കും. തിരിച്ചറിഞ്ഞ, പോസ്റ്റുമോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ ഉറ്റവർ ഏറ്റുവാങ്ങി. വിങ്ങുന്ന മനസുമായി വീടുകളിലേക്ക്. 9 മൃതദേഹങ്ങളിൽ 7 പേരെ തിരിച്ചറിഞ്ഞു. രണ്ടുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. ചിതറിത്തെറിച്ച, വെന്തുപോയ 26 ശരീരഭാഗങ്ങളും മോർച്ചറിയിലുണ്ട്.

ENGLISH SUMMARY:

Bijeesh Balan, a crew member of the film Thudakkam, was among those who died in the Mundathikode fireworks accident. He had been part of the film’s behind-the-scenes team. Director Jude Anthany Joseph shared a condolence post expressing grief over Bijeesh’s death.