‘വാഴ 2‘ ഗംഭീരവിജയമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലക്ഷനില്‍ 200 കോടി പിന്നിട്ട ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടും ‘വാഴ 2’ കാണാന്‍ കഴിയാതെ പോയ നടനാണ് കണ്ണന്‍ സാഗര്‍. ചിത്രത്തില്‍ ബിജുക്കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ജ്യേഷ്ഠന്‍റെ വേഷമാണ് കണ്ണന്‍ സാഗര്‍ അവതരിപ്പിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കണ്ണന്‍ സാഗര്‍ ആശുപത്രിവിട്ടു. ആശുപത്രിയില്‍ സഹായത്തിനെത്തിയ സാജു കൊടിയനും സാമ്പത്തിക സഹായം നല്‍കിയ രമേഷ് പിഷാരടിക്കും ‘അമ്മ’ സംഘടനയ്ക്കും മമ്മൂട്ടിയുടെ ഷെയര്‍ ആന്‍ഡ് കെയര്‍ ഫൗണ്ടേഷനും താരം നന്ദി പറഞ്ഞു. 'ആലുവ രാജഗിരി ഹോസ്പിറ്റലിലെ കാർഡിയോളജി തോറാസിക് സർജറി ടീമാണ്. ജീവിതം നീട്ടിത്തരാൻ പ്രയത്നിച്ച ദൈവതുല്യരായ ഡോക്ടേഴ്‌സും ചില മാലാഖമാരുമാണ് ചിത്രത്തിൽ. ഇത്ര വലിയ ഓപ്പറേഷന്‍റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി. ഞാൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകി.
വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷത നിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരം നോക്കാതെ ഓടി അരികിലെത്തും. തമാശക്കാർക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ട്മെന്‍റിലെ ഓരോരുത്തരും അത്ര സംരക്ഷണമാണ് നൽകുന്നത്. ആട് ത്രീയും, വാഴ ടൂവും കണ്ട് അഭിനന്ദിച്ച് തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെ എന്നും അവര്‍ ആശംസിച്ചു. എന്‍റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല.
ഇടയ്ക്കിടെ രോഗവിവരങ്ങള്‍ അന്വേഷിക്കാന്‍ ഓടിവരികയും രക്തം തന്ന് സഹായിക്കാൻ രക്തദാതാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാളുമുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോൾ വേണ്ട നിർദ്ദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ കെ.എസ്.പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ സുഹൃത്തുക്കൾ, എന്റെ സാമ്പത്തികാവസ്ഥ കേട്ടറിഞ്ഞ് സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും ‘അമ്മ’ സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ് ഓസ്ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്ക ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും, പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട് ജിൻസിനും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കായ്ക്കും ഒരായിരം നന്ദി,' കണ്ണന്‍ സാഗര്‍ കുറിച്ചു.