കഥാപാത്രങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ശരീരം പരുവപ്പെടുത്തുന്ന അഭിനേതാക്കളില്‍ മുന്‍നിരയിലാണ് ടൊവിനോ തോമസ്. ഏറ്റവും പുതിയ ചിത്രമായ ‘പള്ളിച്ചട്ടമ്പി’യിലും താരം അത് തെളിയിച്ചു. എന്നാല്‍ ഇങ്ങനെ ശരീരം മാറ്റിയെടുക്കുന്ന പ്രക്രിയ ഒട്ടും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നല്ലെന്നാണ് ടൊവിനോയുടെ നിലപാട്. ശാരീരികാധ്വാനം അത്രയ്ക്കൊന്നും ഇഷ്ടപ്പെടുന്ന ആളല്ല താന്‍ എന്നാണ് ‘പള്ളിച്ചട്ടമ്പി’യുടെ പ്രൊമോഷന്‍ ഇന്‍റര്‍വ്യൂവില്‍ ടൊവിനോ പറയുന്നത്. ‘ജിമ്മില്‍ അധ്വാനിക്കുമ്പോഴുണ്ടാകുന്ന മസില്‍ പെയിനും ഇഷ്ടമുള്ള ഭക്ഷണം വേണ്ടെന്ന് വയ്ക്കേണ്ടിവരുമ്പോള്‍ വരുന്ന പ്രയാസവുമെല്ലാം നിങ്ങളെയൊക്കെപ്പോലെ എനിക്കും നന്നായി ഉണ്ടാകുന്നുണ്ട്. അതത്ര എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സാധനമല്ല’ – താരം പറഞ്ഞു.
‘ഞാന്‍ നല്ല മടിയുള്ള ഒരാളാണ്. ഭയങ്കര ശാരീരിക അധ്വാനം ചെയ്യാന്‍ താല്‍പര്യമുള്ള ആളൊന്നുമല്ല. പിന്നെ ജോലി സിനിമാഭിനയം ആയതുകൊണ്ട് ശരീരം നന്നായി സൂക്ഷിക്കേണ്ടത് ആവശ്യമാണല്ലോ. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാന്‍ കഴിയൂ. അതുകൊണ്ടുതന്നെ കണ്ണില്‍ക്കണ്ടതെല്ലാം കഴിച്ച് തടി കൂട്ടാനും കുറയ്ക്കാനുമൊന്നം ശ്രമിക്കാറില്ല. എന്ത് ട്രാന്‍സ്ഫമേഷന്‍ ചെയ്യുകയാണെങ്കിലും ഹെല്‍ത്തിയായി, നാച്ചുറലായി മാത്രം ചെയ്യുക എന്നാണ് ആഗ്രഹം. അങ്ങനെ തന്നെയാണ് ചെയ്യാറുള്ളതും.’ – ടൊവിനോ പറഞ്ഞു.
‘പുറത്ത് ആളുകള്‍ എന്നെക്കുറിച്ച് എങ്ങനെയാണ് വിചാരിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് നടക്കാനും ഓടാനും ഇരിക്കാനും നില്‍ക്കാനും ഒക്കെ ഉള്ളതിനെക്കാളും ഇഷ്ടം കിടക്കാനാണ്. അത്രയും മടിയുള്ള ആളാണ് ഞാന്‍. എന്‍റെ ക്ലോസ് സര്‍ക്കിളില്‍ എന്നെ ഏറ്റവും നന്നായി അറിയാവുന്നവര്‍ക്ക് അതറിയാം.’ – താരം തുറന്നുപറഞ്ഞു. ഇങ്ങനെയൊക്കെയായിട്ടും കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നതുപോലെ ശരീരം പരുവപ്പെടുത്താന്‍ അധ്വാനിക്കുന്നതിന്‍റെ കാരണവും ടൊവിനോ വെളിപ്പെടുത്തി.
‘ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി എഫര്‍ട്ട് എടുക്കാനായി നമുക്ക് ഒരു മോട്ടിവേഷന്‍ വരുമല്ലോ. അതിനുവേണ്ടിയാണ് ഈ അധ്വാനമെല്ലാം. എല്ലാവരും ഇതൊക്കെ ചെയ്യുന്നുണ്ട്. അതില്‍ നിന്ന് നമുക്ക് എന്ത് മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന ചിന്തയില്‍ നിന്നാണ് സ്വയം പുഷ് ചെയ്ത് ഇതൊക്കെ ചെയ്യുന്നത്. എല്ലാ ചെയ്തശേഷം അതിന്‍റെ റിസള്‍ട്ട് വരുമ്പോഴാണ് ഉണ്ടായ ബുദ്ധിമുട്ടുകളൊക്കെ മറക്കാനും അതിന്‍റെ മൂല്യം തിരിച്ചറിയാനും കഴിയുക.’ – താരം പറഞ്ഞു. ഒരു സിനിമയ്ക്കുവേണ്ടിയുള്ള തയാറെടുപ്പ് അതിന് മുന്‍പുള്ള സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ ആരംഭിക്കും. ദിവസങ്ങളോളം ബ്രേക്ക് എടുത്ത് ട്രെയിന്‍ ചെയ്യാനുള്ള സാഹചര്യമൊന്നും ഇപ്പോഴത്തെ തിരക്കില്‍ തനിക്കില്ലെന്നും ടൊവിനോ പറഞ്ഞു.
പലപ്പോഴും രാവിലെ ജിമ്മില്‍ പോകാന്‍ ട്രെയിനര്‍ വിളിക്കുമ്പോള്‍ എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പറയാന്‍ ഒഴിവുകഴിവുകള്‍ ഒന്നും സ്റ്റോക്കില്ലാത്ത അവസ്ഥയാണെന്ന് ടൊവിനോ സരസമായി പറഞ്ഞു. ‘പിന്നെ പിന്നെ പുള്ളി ഭയങ്കര അണ്ടര്‍സ്റ്റാന്‍ഡിങ് ആണ്. നൈറ്റ് ഷൂട്ടും തളര്‍ച്ചയുമൊക്കെയുണ്ടെങ്കില്‍, കുറച്ചുനേരം കൂടി ഉറങ്ങിക്കോ, ഇന്ന് വര്‍ക്കൗട്ട് ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന് പറയും. ഉറക്കമാണ് വര്‍ക്കൗട്ടിനെക്കാള്‍ ഇംപോര്‍ട്ടന്‍റ് എന്ന് പറയുന്ന ഒരു ട്രെയിനറാണ് എനിക്കുള്ളത്.’ – താരം വ്യക്തമാക്കി.