sethuramayyar-cbi

TOPICS COVERED

ഏറ്റവുമധികം തുടര്‍ഭാഗങ്ങളിറക്കിയ മോളിവുഡ് മൂവി സീരിസാണ് 'സേതുരാമയ്യര്‍ സിബിഐ'. അതിലെ പല ഡയലോഗുകളും രംഗങ്ങളും ഇന്നും സോഷ്യല്‍ മീഡികളില്‍ മീമുകളായും ട്രോളുകളായും വരാറുണ്ട്. അതിലൊന്നാണ് 'സാമി ഒന്നു നിന്നേ, അങ്ങനങ്ങ് പോയാലോ' എന്നത്. സായ് കുമാറും മമ്മൂട്ടിയും അഭിനയിച്ച ഈ രംഗത്തില്‍ ഡയലോഗിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്രം സായ് കുമാറിനെ അടിക്കുന്ന രംഗവും അന്ന് തിയേറ്ററുകളില്‍ വലിയ കയ്യടി നേടിയിരുന്നു. 

ഈ രംഗത്തിന് പിന്നിലെ കഥ പറയുകയാണ് സായ് കുമാര്‍. ആ രംഗം സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും താന്‍ ചോദിച്ച് വാങ്ങിയ അടിയായിരുന്നുവെന്നും സായ് കുമാര്‍ പറഞ്ഞു. മമ്മൂട്ടിയോടും സംവിധായകന്‍ മധുവിനോടും പറഞ്ഞിട്ടും ആ രംഗം ചേര്‍ത്തിരുന്നില്ലെന്നും താന്‍ നിര്‍ബന്ധിച്ചാണ് ആ അടി ഉള്‍പ്പെടുത്തിയതെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സായ് കുമാര്‍ പറഞ്ഞു. 

'ആ അടി ഞാന്‍ ചോദിച്ച് വാങ്ങിച്ചതാ.. ആ സീനെടുക്കുമ്പോള്‍ മമ്മൂക്കയോട് പറഞ്ഞു ഒരടി. 'പോടാ അവിടെന്ന്' എന്നായിരുന്നു മറുപടി. 'അടിയൊന്നും ഇല്ല. സേതുരാമയ്യര്‍ ആരെയും അങ്ങനെ അടിക്കയൊന്നും ഇല്ല' എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ഒരടി ഇക്ക. ഇല്ലെന്ന് മമ്മൂക്ക തീര്‍ത്ത് പറഞ്ഞു. മധു ചേട്ടനോടും പറഞ്ഞു ഒരടി. 'അടിയാ.. പോടാ' എന്നായിരുന്നു മറുപടി. ഞാന്‍ പറഞ്ഞു വേണ്ടെങ്കില്‍ നിങ്ങള്‍ വെട്ടിക്കളഞ്ഞോ. അങ്ങനെ എടുത്തതാണ് ആ സീന്‍. തിയറ്ററില്‍ എത്തിയപ്പോള്‍ അതിന് വലിയ കയ്യടി. 'എടാ അന്ന് ഞാന്‍ പറഞ്ഞിട്ട് എടുത്തില്ലെ സീന്‍. എങ്ങനെ ഉണ്ടായിരുന്നെ'ന്ന് മധുചേട്ടന്‍ ഇപ്പോഴെന്നോട് ചോദിക്കും. ഞാനൊന്നും മിണ്ടില്ല. സ്വാമി സാറിന്‍റെ സ്ക്രിപ്റ്റിലേ ഇല്ലാത്ത കാര്യമായിരുന്നു അത്", സായ് കുമാര്‍ പറഞ്ഞു. 

ENGLISH SUMMARY:

Sethurama Iyer CBI's iconic slap scene was a moment Saikumar requested from Mammootty and director Madhu, as it was not originally in the script. This scene, ultimately received immense applause in theaters.