ഫിറ്റ്നിസിന്‍റേയും സൗന്ദര്യസംരക്ഷണത്തിന്‍റേയും കാര്യത്തില്‍ മോളിവുഡില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. അടുത്തിടെ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താരത്തിന് വന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനും ചര്‍ച്ചയായിരുന്നു.
പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്. കാറിനുള്ളില്‍ നിന്നുമുള്ള ഒരു സിമ്പിള്‍ സെല്‍ഫിയാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. ബോഡ് ട്രാന്‍സ്ഫര്‍മേഷനൊപ്പം പത്ത് വയസ് കുറഞ്ഞോ എന്നാണ് ചിത്രം കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പോസ്റ്റിന് കമന്‍റുമായി സുപ്രിയ മേനോനും എത്തി. 'ആരാണീ പയ്യന്‍സ്' എന്നാണ് സുപ്രിയ കമന്‍റില്‍ ചോദിച്ചത്. കണ്ണട വച്ച സ്മൈലിയാണ് സുപ്രിയ കമന്‍റിന് മറുപടിയായി പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വാരാണസി ആണ് അണിയറയില്‍ പുരോഗമിക്കുന്ന പൃഥ്വിരാജിന്‍റെ പുതിയ ചിത്രം. 'കുംഭ' എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ടൊവിനോ നായകനായി തിയറ്ററുകളില്‍ എത്തിയിരിക്കുന്ന പുതിയ ചിത്രം പള്ളിച്ചട്ടമ്പിയിലെ പൃഥ്വിരാജിന്‍റെ അതിഥിവേഷവം ശ്രദ്ധ നേടിയിരുന്നു.