trisha-bomb-threat

TOPICS COVERED

തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷയ്ക്ക് വീണ്ടും ബോംബ് ഭീഷണി. ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് താരത്തിന് നേരെ ബോംബ് ഭീഷണി ഉയരുന്നത്. തമിഴ്നാട് ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് തൃഷയുടെ ആല്‍വാര്‍പേട്ടിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വന്നത്. തൃഷയുടെ വീട് പരിശോധിച്ച പൊലീസിനും ബോംബ് സ്കാഡിനും ബോംബൊന്നും കണ്ടെത്താനായില്ല. 

എന്നാല്‍ ബോംബ് ഭീഷണിക്ക് പിന്നാലെ പരിശോധനയെല്ലാം കഴിഞ്ഞ് തൃഷ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. ' ഒരാള്‍ക്കും എന്‍റെ മമ്മിയുടെ ബാഗ് തൊടാന്‍ പറ്റില്ല, ഞാന്‍ സമ്മതിച്ചാല്‍ മാത്രമേ എന്‍റെ മമ്മിക്ക്  പോലും എടുക്കാനാവൂ' എന്നാണ് തന്‍റെ അരുമയുടെ ചിത്രം സഹിതം താരം കുറിച്ചിരിക്കുന്നത്. തൃഷയ്ക്ക് ഒരു ബോംബ് ഭീഷണിയെയും പേടിയില്ല എന്നാണ് പുതിയ സ്റ്റോറിയിലൂടെ അര്‍ഥമാക്കുന്നതെന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്. ഇസ്സിയുടെ സ്റ്റോറികളും മറ്റും തൃഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു പോസ്റ്റ് വ്യാജ ബോബ് ഭീഷണിയുമായി വരുന്നവരെ പരിഹസിക്കാനാണെന്ന് കരുതുന്നവരും ഉണ്ട്. 

ഒക്ടോബറിലും തൃഷയുടെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് പൊലീസില്‍ സന്ദേശം ലഭിച്ചിരുന്നു. ഭീഷണിയൊന്നും വകവയ്ക്കാതെ സാധാരണ ജീവിതം തുടരുകയാണ് താരം. ബ്ലൂബെറിയുടെയും ലോക വളര്‍ത്തുമൃഗ ദിനത്തിന്‍റെയും സ്റ്റോറികള്‍ക്ക് പിന്നാലെ തൃഷയുടെ പട്ടി ഇസ്സി കൃഷ്ണന്‍റെ ഇന്‍സ്റ്റാ പേജിലെ സ്റ്റോറിയും തൃഷ പങ്കുവച്ചിരുന്നു.

നടന്‍ വിജയുമായുള്ള ബന്ധത്തെച്ചൊല്ലി ഊഹാപോഹങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തൃഷയ്ക്കെതിരെ ഭീഷണികളും സൈബര്‍ ആക്രമണങ്ങളും ഉയരുന്നത്. തമിഴ്നാട് തിരഞ്ഞെടുപ്പില്‍ വിജയുടെ ടിവികെ പാര്‍ട്ടി മല്‍സരിക്കുന്നുവെന്നിരിക്കെ വിജയ്​യുടേതെന്ന പോലെ തൃഷയുടെ സുരക്ഷയിലും ആരാധകര്‍ ആശങ്കയിലാണ്. 

ENGLISH SUMMARY:

Trisha bomb threat, actress Trisha received a bomb threat at her Alwarpet residence, marking the second such incident in six months. Following the investigation which found no explosive, Trisha's cryptic Instagram story about her pet has fans speculating about her response to the fake threat.