നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ കടുത്ത സൈബര്‍ ആക്രമണം. സിനിമാതാരം അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ചോദിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഷിയാസിനെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടത്. ഒരു ചടങ്ങിനിടെ ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു ഷിയാസിന്‍റെ ചോദ്യം.
'ഡയറ്റിലായതുകൊണ്ടാണ് ബീഫ് കഴിക്കാത്തത്' എന്ന് അനുമോള്‍ മറുപടി പറഞ്ഞപ്പോള്‍ 'ഡയറ്റാണോ ബിജെപിയാണോ' എന്നായിരുന്നു ഷിയാസിന്‍റെ മറുചോദ്യം. തൊട്ടുപിന്നാലെ ഷിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകളും റിയാക്ഷന്‍ വിഡിയോകളും പ്രവഹിച്ചു. 'ഷിയാസ് പോര്‍ക്ക് കഴിക്കുമോ' എന്നാണ് കടുത്ത വിമര്‍ശകരുടെ ചോദ്യം. ഷിയാസിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലെ കമന്‍റ് ബോക്സുകളില്‍ അസഭ്യവര്‍ഷവും പരിഹാസവുമാണ്.
വിവാദം കനത്തതോടെ ഷിയാസ് പ്രതികരിച്ചു. ബീഫിന്‍റെ പേരില്‍ പ്രശ്നമുണ്ടാക്കിയത് ബിജെപിക്കാരാണെന്നാണ് താരത്തിന്‍റെ നിലപാട്. അനുമോള്‍ ഡയറ്റിലാണോ എന്ന് പറഞ്ഞപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നോ എന്ന് താന്‍ ചോദിച്ചത് മനപൂര്‍വമാണെന്നും അത് കൂട്ടുകാര്‍ക്കിടയില്‍ പറയുന്ന തമാശയാണെന്നും ഷിയാസ് പറഞ്ഞു. ‘പിന്നെ പന്നിയിറച്ചി നന്നായി വേവിച്ച് കഴിക്കണം. കപ്പയിട്ട് കഴിച്ചാല്‍ അടിപൊളിയാണ്. അത് കഴിക്കരുതെന്ന് വിശുദ്ധ ഖുറാനിലുണ്ട്, ഇല്ലെങ്കില്‍ ഞാനത് കഴിച്ചേനെ,’ – ഷിയാസ് തിരിച്ചടിച്ചു.
‘എന്‍റെ പേരില്‍ എന്തുപ്രശ്നം വന്നാലും നിലപാടില്‍ മാറ്റമില്ല. ഇത് എന്‍റെ ഇന്ത്യയാണ്. എന്നെ സുഡാപ്പിയാക്കിയാലും കുഴപ്പമില്ല. അനുമോള്‍ എന്‍റെ സഹോദരിയാണ്. ഞങ്ങള്‍ തമ്മില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‍ലിം ഒന്നുമില്ല. സംഘികള്‍ ഇവിടെ എന്ത് വര്‍ഗീയത ഉണ്ടാക്കാന്‍ നോക്കിയാലും നടക്കില്ല. കേരളത്തില്‍ താമര വിരിയും, ദേ ഇവിടെ, എന്ന് പറഞ്ഞ് അടുത്തുള്ള കുളവും ഷിയാസ് ചൂണ്ടിക്കാട്ടി.