സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് സിനിമയിലെത്തും മുമ്പുള്ള കാലം വിശദീകരിച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ്. സിനിമാക്കാരനാവുന്നതിനു മുന്‍പ് ഡെന്നീസ് ജോസഫ് കട്ട് കട്ട് എന്ന പ്രസിദ്ധീരണത്തിന്‍റെ സബ് എഡിറ്ററായിരുന്നുവെന്ന് ആലപ്പി അഫ്റഫ് പറയുന്നു. അന്ന് അദ്ദേഹം പ്രസിദ്ധീകരിച്ച നടി ഖദീജയുടെ അഭിമുഖവും അതിലെ വെല്ലുവിളിയും ഏറെ വിവാദം സൃഷ്ടിച്ചു എന്നും ആലപ്പി അഷ്റഫ് പറഞ്ഞു. തേന്മാവിന്‍ കൊമ്പത്ത് സിനിമയിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഖദീജ.
'സിനിമയേയും സിനിമാക്കാരേയും ഹാസ്യരൂപേണ ആക്ഷേപിക്കുന്ന കട്ട് കട്ട് എന്ന പ്രസിദ്ധീകരണത്തില്‍ സബ് എഡിറ്റർ ആയിരുന്നു ഡെന്നീസ് ജോസഫ്. അന്നത്തെ കാലത്ത് ഒന്നര ലക്ഷത്തോളം കോപ്പികള്‍ വിറ്റിരുന്ന പ്രസിദ്ധീകരണമായിരുന്നു അത്. സിനിമയിലെ അണിയറ രഹസ്യങ്ങളും വിവാദങ്ങളും ഒക്കെ ചെയ്തിരുന്നത് ഡെന്നിസ് ആയിരുന്നു. നടി ഖദീജയുടെ അഭിമുഖമാണ് കട്ട് കട്ടില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിലൂടെ ഖദീജ ഉയര്‍ത്തിയൊരു വെല്ലുവിളി ഉണ്ടായിരുന്നു. നിര്‍മാതാവിന്‍റേയും സംവിധായകന്‍റേയും കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടിയുണ്ടെങ്കില്‍ പറയട്ടെ. ഞാന്‍ വെല്ലുവിളിക്കുന്നു എന്നായിരുന്നു. കട്ട് കട്ടിലൂടെ അത് പുറത്തുവന്നപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു,' ആലപ്പി അഷ്റഫ് പറഞ്ഞു.
ഏലിയാസ് ഈരാളിയായിരുന്നു കട്ട് കട്ടിന്റെ ഉടമ. മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട നിര്‍മാതാവായിരുന്നു ഈരാളി. പക്ഷേ അത് ലഭിച്ചില്ല. അതിന് കാരണം അദ്ദേഹം എവിടെയും ഇടിച്ചു തള്ളികയറാറില്ല എന്നതാണ്. നിരവധി സിനിമകൾ നിർമിച്ചെങ്കിലും ഒന്നും ഹിറ്റായിരുന്നില്ല. അദ്ദേഹം വേണ്ടെന്ന് വച്ച കഥയായിരുന്നു പിന്നീട് കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ തിയറ്ററുകളിൽ എത്തി വലിയ വിജയമായതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.