വാഴ 2 കണ്ട ശേഷം അഭിനേതാക്കളെ വീഡിയോകോളിൽ വിളിച്ച് അഭിനന്ദിച്ച്  എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാൽ. അദ്ദേഹം ഭാര്യ ആശക്കും മകൾ പാർവതിക്കും ഒപ്പമാണ് തിയേറ്ററിലെത്തി സിനിമ കണ്ടതിന് പിന്നാലെ, അഭിനേതാക്കളെ വീഡിയോ കോള്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ കെസി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. 

 'വാഴ 2 കുടുംബത്തോടൊപ്പം കണ്ടു. ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും സംവിധാനം നിർവഹിച്ച സവിൻ എസ്.എക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ', അദ്ദേഹം പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 

ഹലോ, ഹാഷിർ' എന്ന് വിളിച്ചാണ് വിഡിയോകോളില്‍ അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. തങ്ങൾ നടത്തുന്ന ആയിരം പ്രസംഗങ്ങളേക്കാൾ എഫക്ടീവാണ് 'വാഴ 2' എന്ന ഒറ്റച്ചിത്രമെന്നാണ് കെസി പറഞ്ഞത്. ഇൻസ്റ്റയില്‍ മാത്രം കറങ്ങുന്നതിന് പകരം ബിഗ്‌സ്‌ക്രീനിൽ വന്നതോടെ, നിങ്ങൾ ഒരു ചരിത്രം രചിച്ചു. എനിക്കും കുട്ടികൾക്കും വളരേ ഇഷ്ടപ്പെട്ടു', അദ്ദേഹം പറഞ്ഞു. കൊള്ളാം അടിപൊളി സിനിമയെന്നാണ് മകൾ പാർവതി വിഡിയോകോളിലൂടെ പറഞ്ഞത്. അധ്യാപികയായ ഭാര്യക്ക് പടം നന്നായി കണക്റ്റായെന്ന് കൂടി പറഞ്ഞ് ഭാര്യയെക്കൂടി വിഡിയോ കോളില്‍ കാണിച്ച ശേഷമാണ് കെസി ഫോണ്‍ വെച്ചത്. 

ENGLISH SUMMARY:

KC Venugopal praised the actors of the movie Vazha 2 after watching it with his family, calling them on a video call to express his appreciation. He shared a video of the interaction on Facebook, highlighting the impactful performance of the cast and the film's success in connecting with audiences.