ranjini-haridas

പ്രമുഖ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന് ജീവിതത്തില്‍ നേരിട്ട തിരിച്ചടിയെ പറ്റി സംസാരിക്കുയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. ഒരു റിയാലിറ്റി ഷോ ഫിനാലെ വേദിയില്‍ വച്ച് നടന്‍ ജഗതി ശ്രീകുമാറില്‍ നിന്നും ഏല്‍ക്കേണ്ടുവന്ന പരുക്കനായ വിമര്‍ശനത്തെ പറ്റിയാണ് ആലപ്പി അഷ്റപ് പറഞ്ഞത്. അന്ന് ചിരിച്ചുനിന്നെങ്കിലും രഞ്ജിനി പിന്നീട് സ്റ്റേജിന് പിന്നില്‍ പോയി വിതുമ്പി കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

'ഹൃദയവേദനയും അപമാനവും നൽകുന്ന ഒരു അനുഭവം അവിടെ നിന്നും അവർക്ക് ലഭിച്ചിട്ടുണ്ട്. അത് ആദരണീയനായ കലാകാരൻ ജഗതീ ശ്രീകുമാറിൽ നിന്നുമാണ്. ജഗതി ആ വേദിയിൽ വെച്ച് അവരോട് കാണിച്ചത് തികച്ചും അവിവേകമായിരുന്നു, അവഹേളനവും ആയിരുന്നു.

അതിഥിയായി എത്തുന്നയാള്‍ ആങ്കറെ അവഹേളിക്കുന്ന രംഗം അന്നോളം കേരളം കണ്ടിട്ടേയില്ല. അവരോട് എന്തോ വൈരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം. ജഗതി അവരിൽ കണ്ടെത്തിയ ന്യൂനത അവതാരക ഒരിക്കലും വിധികർത്താവാകാൻ പാടില്ല എന്നതായിരുന്നു. എന്നിട്ട് ജഗതി അവരെ അനുകരിച്ചുകൊണ്ട് ഇംഗ്ലിഷിൽ പറഞ്ഞു ‘ആൾറൈറ്റ്, ഇറ്റ് ഈസ് വെരി ബ്യൂട്ടിഫുൾ പെർഫോമൻസ് ലെറ്റ് അസ് ഗിവ് ഫുൾ മാർക് ജഡ്ജസ്’ എന്ന് പറയുമ്പോൾ ഓഡിയൻസ് ഒന്നടങ്കം അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. വിഷമവും ജാള്യതയും മറച്ചുവച്ചുകൊണ്ട് ജഗതിക്ക് തൊട്ടടുത്തു നിന്ന രഞ്ജിനിയും ഓഡിയൻസിനോടൊപ്പം ആർത്തു ചിരിച്ചു.

എന്നിട്ടും ജഗതിക്ക് വിടാൻ ഭാവമില്ലായിരുന്നു. നസ്രിയയെ കണ്ടുപഠിക്കാൻ ഒരു ഉപദേശവും കൊടുത്തു. ആ വേദിയിൽ നസ്രിയയും അപ്പോൾ ഒപ്പമുണ്ടായിരുന്നു. നസ്രിയ ആങ്കർ ചെയ്യുമ്പോൾ വിധി പറയാറില്ല എന്നായിരുന്നു ജഗതി വിളിച്ചു പറഞ്ഞത്. എന്നാൽ ആ സമയങ്ങളിൽ നസ്രിയ രഞ്ജിനിയുടെ ആങ്കറിങ് ശൈലികൾ അനുകരിച്ച് രഞ്ജിനിയെ ശിഷ്യപ്പെടാൻ നടക്കുന്ന സമയമാണെന്ന് ഓർക്കണം. രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജഗതി കയ്യടി വാങ്ങി ആനന്ദം കൊണ്ടപ്പോൾ രഞ്ജിനിയുടെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നു. ആ വേദന കടിച്ചമർത്തികൊണ്ട് പുഞ്ചിരിയോടെ നിന്ന് തന്റെ ജോലി തുടരുകയാണ് ഉണ്ടായത്. 

എന്നാൽ പിന്നീട് അറിയാൻ കഴിഞ്ഞത് ഇടവേള സമയത്ത് അവർ വേദിയുടെ പിന്നിൽ വന്നു നിന്നുകൊണ്ട് സങ്കടം സഹിക്കാനാവാതെ വിതുമ്പി കരഞ്ഞു എന്നാണ്. എന്നാൽ ഇതൊക്കെ കഴിഞ്ഞ് പിന്നീട് രഞ്ജിനി പറഞ്ഞ മറുപടി അവരുടെ വ്യക്തിത്വത്തിന് മികവേകുന്നതായിരുന്നു, വിലമതിക്കുന്നതായിരുന്നു. എനിക്ക് മറുപടി പറയാൻ അറിയാത്തതുകൊണ്ടല്ല, അതിഥിയെ അപമാനിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. പലരുടെയും കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ഞാൻ പറയുമ്പോൾ ചിലരെങ്കിലും ചോദിക്കാറുണ്ട് കഴിഞ്ഞുപോയ കാര്യമല്ലേ അതൊക്കെ ഇപ്പോൾ എന്തിന് പറയുന്നു എന്ന്. ഒരാളെക്കുറിച്ച് നമ്മൾ പറയുമ്പോൾ ചിലപ്പോൾ കഴിഞ്ഞുപോയതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ചില കാര്യങ്ങളൊക്കെ സത്യസന്ധമായി വെളിപ്പെടുത്തേണ്ടി വരും. അതിൽ നല്ലതും ചീത്തയും ഒക്കെ ഉണ്ടാകുക സ്വാഭാവികം മാത്രം രഞ്ജിനി ഹരിദാസ് ആരുടെയും കുറ്റവും കുറവും പറയുന്നത് ഇന്നുവരെ നമ്മൾ കേട്ടിട്ടേയില്ല. തന്റെ നേരെ വരുന്നതിന് മറുപടി പറയുക മാത്രമാണ് ചെയ്യാറുള്ളത്.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും രഞ്ജിനി തുറന്നു പറഞ്ഞിട്ടുണ്ട്. ഒരുപാട് പേരുമായി റിലേഷൻ ഉണ്ടായിട്ടും ഒന്നും വർക്ക് ആയില്ല. കോവിഡ് സമയത്ത് ശരത്തുമായി തുടങ്ങിയ പ്രണയം ഒന്നിച്ചുള്ള ജീവിതമായി തുടരുമെന്ന് എല്ലാവരും കരുതി. അതിനുള്ള കാരണം അവർ തമ്മിൽ ശക്തമായ സൗഹൃദവും ലിവിങ് ടുഗദറും ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് കാലം കഴിഞ്ഞപ്പോൾ രണ്ട് പേരും രണ്ട് വഴിക്കു പിരിഞ്ഞു. കല്യാണവും കുട്ടികളും വേണ്ടെന്നു വച്ച രഞ്ജിനി ഇപ്പോൾ ഹോർമോൺ വ്യതിയാനത്തിന്റെ വേദന അനുഭവിക്കുകയാണ്. രഞ്ജിനിയെന്ന വലിയ കലാകാരിയെ സ്നേഹിക്കുന്നവർക്ക് ഇത് കേൾക്കുമ്പോൾ വലിയ വേദന തോന്നാം. ഇതിനെയെല്ലാം എത്രയും പെട്ടന്ന് തരണം ചെയ്ത് അവർ തിരിച്ചുവരട്ടെ,' ആലപ്പി അഷ്റഫ് പറഞ്ഞു. 

ENGLISH SUMMARY:

Malayala Manorama Online News reports on director Alappey Ashraf's revelation about a hurtful incident faced by anchor Ranjini Haridas during a reality show finale. Ashraf described how actor Jagathy Sreekumar's harsh criticism deeply affected Ranjini, causing her to cry backstage despite maintaining composure on stage.