മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രമായിരുന്നു സൈജു കുറുപ്പ് നായകനായ ഭരതനാട്യം. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നാം ഭാഗത്തെക്കാള്‍ മികച്ചതെന്ന അഭിപ്രായമാണ് രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിന് ലഭിക്കുന്നത്. തിയേറ്ററിലും കുതിപ്പ് തുടരുകയാണ് മോഹിനിയാട്ടം. 

ചിത്രത്തിന്‍റെ പ്രസ് മീറ്റില്‍ വികാരാധീനനായി പ്രതികരിച്ചിരിക്കുകയാണ് സൈജു കുറുപ്പ്. പ്രസ് മീറ്റില്‍ സംസാരിക്കുന്നതിനിടെ വാക്കുകള്‍ കിട്ടാതെ താരത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. അച്ഛനെ കുറിച്ച് ഓര്‍ത്തായിരുന്നു സൈജു വികാരാധീനനായത്. 'നമസ്കാരം.. ഒരു വലിയ കാത്തിരിപ്പായിരുന്നു. എന്റെ അച്ഛൻ ഇവിടെ ഇല്ലാണ്ടായി പോയി', എന്ന് പറഞ്ഞതിന് ശേഷം സൈജു കരഞ്ഞുപോവുകയായിരുന്നു. 

"പെട്ടെന്ന് അച്ഛന് ഓര്‍ത്തുപോയി. ഇന്ന് രാവിലെ അമ്മ എന്നോട് പറഞ്ഞു, എടാ..21 വര്‍ഷത്തെ എന്‍റെ പ്രാര്‍ത്ഥനയാണ് ഈ ഒരു ദിവസത്തിന് വേണ്ടി. അപ്പോള്‍ പെട്ടെന്ന് സന്തോഷിക്കുന്നതിന് പകരം അച്ഛനെ കുറിച്ച് ഓര്‍ത്തു. അച്ഛന് ഇത് കാണാന്‍ പറ്റിയില്ലല്ലോ എന്ന്. നമ്മള്‍ എല്ലാവരും എന്നും ജീവിച്ചിരിക്കില്ലല്ലോ. സിനിമയുടെ വിജയത്തില്‍ ഒരുപാട് സന്തോഷത്തിലാണ് ഞാന്‍. നല്ല പ്രതികരണമാണ് എമ്പാടും ലഭിക്കുന്നത്. ഇങ്ങനെ ഒരു സിനിമ വല്ലപ്പോഴുമൊക്കെ നമ്മുടെ കരിയറില്‍ സംഭവിക്കുന്നതാണ്. അത് ഞങ്ങളുടെയും ജീവിതത്തില്‍ സംഭവിച്ചു,' സൈജു കുറുപ്പ് പറഞ്ഞു. 

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സിന്റേയും ബാനറിലാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം' നിര്‍മിച്ചിരിക്കുന്നത്. ഏപ്രിൽ 10-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കൃഷ്ണദാസ് മുരളിയാണ് സംവിധാനം. 

ENGLISH SUMMARY:

Mohiniyattam, the sequel to the popular Malayalam film Bharathanatyam, is receiving excellent audience reception and positive reviews, surpassing its predecessor. Actor Saiju Kurup became emotional during the press meet while reminiscing about his late father, expressing his joy at the film's success.