താരരാഷ്ട്രീയം തമിഴ്നാട്ടിന് ഒരിക്കലും മാറ്റി നിര്‍ത്താനാകില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ട്രംപ് കാര്‍ഡാണ് നടന്‍ വിജയുടെ ടിവികെ. എന്നാല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ താരാരാധനയക്കുറിച്ച് നടന്‍ രജനീകാന്ത് പറഞ്ഞ വാക്കുകള്‍ വിജയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.
തഞ്ചാവൂരില്‍ ടിവികെയുടെ റാലിക്കിടെ വിജയുടെ വാഹനത്തിന് പിന്നാലെ പാഞ്ഞ അഞ്ച് യുവാക്കള്‍ക്ക് വാഹനമിടിച്ച് പരുക്കേറ്റിരുന്നു. ഇതിന്‍റെ പശ്ചാതലത്തിലായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. യുവതലമുറ വിദ്യാഭ്യാസത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമാണ് ചിന്തിക്കേണ്ടത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ അവര്‍ക്ക് പരുക്ക് പറ്റിയാല്‍ അവര്‍ക്ക് തന്നെയാണ് നഷ്ടം. പഠനത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൂ. മദ്യത്തിനും മയക്കുമരുന്നിനും അടിമയാകാതിരിക്കൂ. നിങ്ങളുടെ ഒരു തെറ്റായ തീരുമാനം നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ രക്ഷിതാക്കള്‍ക്കും നരകതുല്യമായ ജീവിതം നല്‍കും. ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കളുണ്ടെങ്കില്‍ അവരില്‍ നിന്ന് വിട്ടുനില്‍ക്കൂ എന്നും രജനീകാന്ത് പറഞ്ഞു.
കഴിഞ്ഞ മാസമാണ് വിജയുടെ റാലിക്കിടെ വാഹനത്തിന് പിന്നാലെയോടിയ അഞ്ച് യുവാക്കള്‍ക്ക് പരുക്കേറ്റത്. ഇതിന് മുന്‍പ് കരൂരില്‍ നടന്ന വിജയുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 ആളുകള്‍ മരിച്ചിരുന്നു. വിജയുടെ ജനനായകന്‍ സിനിമയുടെ റിലീസ് വൈകുന്നതിനെക്കുറിച്ച് രജനീകാന്തിനോട് ചോദ്യമുന്നയിച്ചപ്പോള്‍ തനിക്ക് അതില്‍ മറുപടിയില്ല എന്നായിരുന്നു അദേഹത്തിന്‍റെ മറുപടി. രജനീകാന്തിന്‍റെ മറുപടി വിജയ്ക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് നിഗമനം.