Image Credit : Instagram
തമിഴ് സിനിമാ സീരിയല്‍ താരം സുഭാഷിണി സസ്വിബാലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 'കയല്‍' എന്ന തമിഴ് സീരിയലിലൂടെ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച താരമാണ് സുഭാഷിണി. കുടുംബവഴക്കിനെ തുടര്‍ന്നാകാം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിന് തൊട്ടുമുന്‍പ് നടി ഭര്‍ത്താവുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
ശ്രീലങ്കന്‍ വംശജയായ സുഭാഷിണി (38) ചൈന്നൈയില്‍ ഒരു അപ്പാര്‍ട്മെന്‍റില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവുമൊത്തുളള നല്ല നിമിഷങ്ങള്‍ ഹൃദ്യമായ അടിക്കുറിപ്പോടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. മരണദിവസം ഭര്‍ത്താവുമായി വാക്കുതര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. നടിയുടെ മൃതദേഹം ചെന്നൈയിലെ അപ്പാര്‍ട്മെന്‍റില്‍ നിന്ന് തന്നെയാണ് പൊലീസ് കണ്ടെത്തിയത്.
ആത്മഹത്യ തന്നെയാണോ അതോ താരത്തിന്‍റെ മരണത്തില്‍ മറ്റെന്തിങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. താരത്തിന്‍റെ വിയോഗത്തില്‍ ആരാധകര്‍ ദുഃഖം രേഖപ്പെടുത്തി.