ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിനെ നാട്ടിലെത്തിച്ചു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ആരോഗ്യനിലയിലെ പുരോഗതിയെക്കുറിച്ചും തുടര്‍ചികിത്സകളെക്കുറിച്ചും വിവരങ്ങള്‍ പങ്കുവച്ചത്. ഇനി കുറച്ച് ദിവസം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ നടത്തും. അതിനുശേഷം വീട്ടിൽ തന്നെ തുടർ ചികിത്സകൾ ഏകോപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രതാപ് പറയുന്നു.
ഹൃദയാഘാതത്തിനു ശേഷം വളരെ സങ്കീര്‍ണമായ ചികിത്സാരീതികളിലൂടെയാണ് രാജേഷിനെ തിരികെ കൊണ്ടുവരാന്‍ സാധിച്ചത്.വെല്ലൂർ സിഎംസി ഹോസ്പിറ്റലിലെ പിഎംആർ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ പതുക്കെയാണെങ്കിലും നല്ല മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് വലിയ പ്രതീക്ഷയാണ് തരുന്നതെന്നും ഇനിയും ഈ രീതികൾ നാട്ടിൽ തുടരാനാണ് തീരുമാനമെന്നും പ്രതാപ് ജയലക്ഷ്മി വിവരിക്കുന്നു.
നാലു ചുമരുകള്‍ക്കുള്ളിലെ ചികിത്സയില്‍ നിന്നും മാറി നാട്ടിലെ പച്ചപ്പും, വീട്ടിലെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും അവനിൽ കൂടുതൽ ഊർജവും റിസൾട്ടും ഉണ്ടാകുമെന്നു ഡോക്ടർമാർ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനന്തപുരിയിലേക്ക് രാജേഷിനെ എത്തിച്ചത്. ആശുപത്രിയിൽ എത്തി രാജേഷിനോടൊപ്പം സമയം ചിലവഴിച്ച കുറച്ചു നല്ല മനസ്സുകളെ ഹൃദയം കൊണ്ട് നമിക്കുന്നു. ഭാരിച്ച തിരക്കുകൾ ഇടയിലും ഒരു ദിവസം മുഴുവൻ രാജേഷിനൊപ്പം സമയം ചിലവഴിച്ചു, ഡോക്ടർമാരുടെ പാനലുമായി ചികിത്സാ കാര്യങ്ങൾ ഏകോപിച്ച സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും പ്രതാപ് പറയുന്നു.
ശ്രീകണ്ഠൻ നായർ, കൃഷ്ണമൂർത്തി എന്നിവരോടും തീരാത്ത നന്ദി. രാജേഷിന്‍റെ ക്ലാസ്സിലെ ചില സുഹൃത്തുക്കൾ, മുൻപ് കൂടെ ജോലി ചെയ്തിരുന്നവരിൽ ചിലരൊക്കെ ആശുപത്രിയിൽ വരികയും പഴയ ഓർമ്മകളിലേക്ക് അവനെ കൂട്ടികൊണ്ട് പോകുകയും ചെയ്തു. അവിടെ എത്തിയത് മുതൽ ഇന്നുവരെയും ഞങ്ങളെ ചേർത്ത് നിർത്തിയ കുറച്ചു ദൈവ തുല്യരായ ആളുകളുണ്ട്, ഒപ്പം ചെറുതും വലുതുമായി ചികിത്സാ ചിലവുകൾക്ക് അറിഞ്ഞു സഹായം നൽകിയ ചില വലിയ സുമനസ്സുകളുടെ കാരുണ്യത്തിന് മുന്നിൽ പറയാൻ വാക്കുകളില്ല.
ഇത്രയും കാലം കൂടെ നിന്നവരോട്, ചേർത്ത് നിർത്തിയവരോട്, രാജേഷിന്‍റെ വിവരങ്ങൾ കൃത്യമായി അന്വേഷിക്കുന്നവരോട്... ഇനിയും അവന്‍റെ യാത്രയിൽ നിങ്ങൾ കൂടെ വേണം, അവനും അവന്‍റെ കൂടെയുള്ളവരും വീണു പോകാതെ താങ്ങി നിർത്താൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണം.. അറിഞ്ഞു ചെയ്യണം...–പ്രതാപ് കുറിക്കുന്നു.