ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി. സുധിയുടെ ആദ്യവിവാഹം മുതല്‍ ഓര്‍മയിലുള്ള കാര്യങ്ങള്‍ വിശദമായി വിവരിക്കുന്നുണ്ട് കിച്ചു. അച്ഛന്‍ മരിച്ച ദിവസത്തിലെ ഓര്‍മകളും കിച്ചു വിവരിച്ചു.
'എനിക്ക് മൂന്ന് വയസ്സുളളപ്പോൾ ഞാനും അച്ഛനും കൊല്ലത്തു വന്നു. പിന്നെ എന്നെ നോക്കുന്നത് വല്യമ്മയായിരുന്നു. അഞ്ചാം ക്ലാസു വരെ അവിടെ ജീവിച്ചു. അന്ന് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. ആ സമയത്ത് അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ലായിരുന്നു.അവരുമായിട്ടും വഴക്ക് തന്നെയായിരുന്നു. അച്ഛൻ എപ്പോഴും അവരുടെ വീട്ടിലായിരിക്കും. വൈകിട്ട് എപ്പോഴെങ്കിലും എന്നെ വന്ന് കാണും. എന്നെ അവർക്ക് ഇഷ്ടമല്ലായിരുന്നു. ഇതൊക്കെ എങ്ങനെ പറഞ്ഞു തരണം എന്ന് അറിയില്ല, എന്റെ മനസ്സിൽ ഉണ്ട് എല്ലാക്കാര്യങ്ങളും, പക്ഷേ അത് നിങ്ങളോടെങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ല.അവിടെയും അടിയാണ്. ആ സമയത്ത് ഓരോ കാര്യങ്ങളും എനിക്ക് തിരിച്ചറിയാൻ തുടങ്ങിയിരുന്നു.
വീണ എന്ന ആളുടെയും രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തിൽ അവർക്ക് രണ്ട് പിള്ളേരുമുണ്ടായിരുന്നു. അതൊക്കെ ഞാനറിയുന്നത് കുറേ കഴിഞ്ഞാണ്. ഇതിനിടെ ഞങ്ങളൊരു സ്കൂട്ടർ എടുത്തിരുന്നു. ആ സ്കൂട്ടറിന് പേരെഴുതിയപ്പോഴാണ് ആ കുട്ടികളുടെ പേരാണെന്ന് അറിയുന്നത്. എന്നെ വേറൊരു തരത്തിലാണ് കണ്ടുകൊണ്ടിരുന്നത്. എന്നോടൊരു വലിയ പ്രശ്നം അവർക്കുണ്ടായിരുന്നു. പക്ഷേ അച്ഛൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു, ആ ജീവിതം അങ്ങനെ മുന്നോട്ടുപോയി. ഇനിയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി എന്റെ മനസ്സിലുണ്ട്. ഞാൻ ഒറ്റക്കിരുന്നാൽ ആകെ സൈലന്റ് ആണ്. വേടന്റെ പാട്ടുകളാണ് കേൾക്കുന്നത്. അതെല്ലാം എന്റെ ജീവിതവുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഇനി അടുത്ത കഥ പറയാം. അഞ്ചാം ക്ലാസിലെ അവധിക്കാലം, ഞങ്ങൾ അപ്പോൾ എറണാകുളത്താണ്. കുറേ നാള് അവിടെയായിരുന്നു താമസം. അന്ന് അച്ഛന് ഷൂട്ട് ഒക്കെയുണ്ട്. ഒരുദിവസം വിഡിയോ കോളിൽ, ഇപ്പോള്‍ കാണുന്ന അമ്മ രേണു സുധിയെ കാണുന്നു.
ആ സമയത്ത് അമ്മയുമായി ഭയങ്കര കമ്പനിയായിരുന്നു. സൂപ്പറായിരുന്നു ആ ടൈമിൽ. ഞങ്ങളെ കാണാൻ വന്നു, നല്ല കമ്പനിയായി. പിന്നെ അച്ഛൻ വന്ന് ഒരുദിവസം എന്റെ അടുത്ത് വന്നു ചോദിച്ചു, ‘ഞാൻ കല്യാണം കഴിക്കട്ടെ നിനക്കെന്താണ് പറയാനുള്ളത്’. ‘അച്ഛന് ഇഷ്ടമാണോ?’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഇതിനിടയ്ക്ക് വീണയും അച്ഛനുമായി ഡിവോഴ്സ് ആയി. അവർക്ക് പൈസയും കൊടുത്തു. അങ്ങനെ കൊല്ലത്തെ വീട്ടിൽ വന്ന് രേണുഅമ്മയുടെ കാര്യം സംസാരിച്ച് വിവാഹം കഴിയുന്നു. വിവാഹത്തിനുശേഷം ഞാനും അച്ഛനും അമ്മയും കൊല്ലത്ത് തന്നെയാണ് നിൽക്കുന്നത്.
പക്ഷേ കൊല്ലത്ത് വച്ച് ചെറിയൊരു വഴക്ക് ഉണ്ടായി, അങ്ങനെ ഞങ്ങൾ കോട്ടയത്തേക്ക് മാറുന്നു. ഇനിയാണ് കഥ തുടങ്ങുന്നത്. ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു. കൊല്ലത്ത് ഉള്ളപ്പോൾ എന്നെ പുറത്തുപോയി കളിക്കാനൊന്നും വിടില്ലായിരുന്നു. കോട്ടയത്ത് വന്നപ്പോൾ എനിക്കു വലിയ സ്വാതന്ത്ര്യം കിട്ടി. കുറച്ച് കഴിഞ്ഞതോടെ എന്തൊക്കെയോ പ്രശ്നങ്ങളാകുന്നു. എല്ലാവരുടെയും സ്വഭാവത്തിലൊരു മാറ്റം.
ഞാൻ ആ സമയത്ത് കംപ്യൂട്ടറൊക്കെ മേടിച്ചു. റൂമിൽ തന്നെ ഗെയിം കളിയുമായി ഇരിക്കും. ഇതൊക്കെയാണ് ഇതിന്റെയൊക്കെ തുടക്കം. അവിടം തൊട്ടാണ് ഞാന്‍ ഇങ്ങനെ ആകുന്നത്. വേറൊരു കണക്‌ഷനുമില്ല. അച്ഛൻ വന്ന് ഇടയ്ക്ക് ഭക്ഷണം തന്നിട്ടു പോകും. ഇടയ്ക്ക് റിഥപ്പൻ റൂമിലേക്കുവരും. അവനെയും മടിയിലിരുത്തി ഗെയിം കളിക്കും. പിന്നെ കൊറോണ വന്നു. അച്ഛൻ ആ സമയത്ത് ഒരു യൂട്യൂബ് ചാനല് തുടങ്ങി, വെബ് സീരിസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. കുറേ ആർട്ടിസ്റ്റുകളെയും വിളിച്ചിരുന്നു. പക്ഷേ ലോക്ഡൗൺ വന്നതോടെ അത് നടന്നില്ല. കുറേ കടം വന്നു. ഞാൻ അച്ഛൻ, അമ്മ, റിഥപ്പൻ, അമ്മയുടെ ചേച്ചി, അളിയൻ, അവരുടെ രണ്ട് മക്കൾ, പപ്പ, അമ്മ ഇവരുടെ ഇത്രയും പേരുടെ ചെലവും അച്ഛൻ ഒറ്റയ്ക്കാണ് നോക്കിക്കൊണ്ടിരുന്നത്. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടാകും. അച്ഛന്റെയും എന്റെയും ഒരു സ്വഭാവമാണ്, നോ പറയാൻ അറിയില്ല, അതൊരു കൊള്ളാത്ത സ്വഭാവമാണ്. അപ്പുറത്തു നിൽക്കുന്ന ഒരാൾക്ക് വിഷമമാകും എന്നു വിചാരിച്ചാണത്. ഞാനിപ്പോൾ ഓരോ കാര്യം പറയാത്തതും അതുകൊണ്ടാണ്. അങ്ങനെ ഒരു റൂമിൽ മൂന്ന് വർഷം ഇങ്ങനെ ഗെയിം കളിച്ചിരുന്നു. ഇടയ്ക്ക് എന്തോ എനിക്കിങ്ങനെ തോന്നി, ഇതൊക്കെ നിർത്താം, അങ്ങനെ കംപ്യൂട്ടറൊക്കെ വിറ്റ് ഒരു വണ്ടി മേടിച്ചു.
പത്തിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരനുണ്ട്. പിന്നെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങി. ആ സമയത്ത് അച്ഛന്റെ കയ്യിൽ നിന്നും കിട്ടുന്ന ആകെ സ്നേഹം പൈസ മാത്രമാണ്. േവറൊരാളുടെ അടുത്തും സംസാരിക്കില്ല. ഇവരുടെ സ്വഭാവവും ഒരുമാതിരിയാണ്, അവിടെ ജോലിക്കു പോകില്ല. അതിന് വഴക്ക്, കുറേ കാര്യങ്ങളുണ്ട്, പക്ഷേ എങ്ങനെ പറയണമെന്ന് അറിയില്ല. അതൊക്കെ കൊണ്ടാണ് എന്റെ കൂടെ ഞാൻ എപ്പോഴും ഒരു കൂട്ടുകാരനെ ഇരുത്തുന്നത്. കൊല്ലത്തുള്ള കൂട്ടുകാർക്കെല്ലാം എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അറിയാം. അങ്ങനെ വീട്ടുകാരുമായി ഒരു കണക്‌ഷനില്ലാത്ത ജീവിതം, ആ റൂമിലിരുന്ന് ശരിക്കും വട്ടായി പോയിരുന്നു. കൂട്ടുകാരുമൊത്ത് കൂടി മോശം ശീലങ്ങളും തുടങ്ങി. പക്ഷേ അങ്ങനെ അഡിക്റ്റഡ് ഒന്നുമല്ലായിരുന്നു. ഞാനും അച്ഛനും സംസാരിക്കുന്നതു തന്നെ ഷൂട്ടിനു പോകുമ്പോഴാണ്. ഇങ്ങനെ നിൽക്കുന്ന സമയത്തും കൊല്ലത്ത് വിളിച്ച് ചോദിച്ചിരുന്നു, അവിടെ വന്ന് നിൽക്കട്ടെ എന്ന്. പക്ഷേ അതിനവർ സമ്മതിച്ചില്ല. അങ്ങനെ കോട്ടയത്ത് തന്നെ നിൽക്കേണ്ടി വന്നു.
ഒരു ദിവസം അച്ഛൻ വന്ന് പറഞ്ഞു, ‘ഷൂട്ട് ഉണ്ട്, നീ വരണ്ട അച്ഛനങ്ങ് പൊയ്ക്കോളാം’. എന്നെ ഷൂട്ടിനു കൊണ്ടുപോകുന്നത് അമ്മയ്ക്ക് വലിയ ഇഷ്ടമല്ലായിരുന്നു. അതിനും വലിയ അടി ഉണ്ടായിട്ടുണ്ട്. എന്തോ ആർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ശരിക്കും വട്ടായിപ്പോയി. പക്ഷേ അപ്പോഴും എന്റെ വിഷമങ്ങൾ പറയാൻ അപ്പോഴും അച്ഛനെന്ന ഒരാളുണ്ടായിരുന്നു. എന്തൊക്കെ ചെയ്താലും അച്ഛനെ വിളിക്കാം എന്ന ധൈര്യം എനിക്കുണ്ടായിരുന്നു.അങ്ങനെ ആ ഷൂട്ടിനുപോയ ദിവസം രാത്രി അച്ഛൻ വിളിച്ചിട്ടു പറഞ്ഞു, പിറ്റേദിവസം രാവിലെ നാല് മണിയാകുമ്പോള്‍ ഞാൻ വരും, ചങ്ങനാശേരിയിൽ നീ വന്നു കൂട്ടണമെന്ന്. നാല് മണിയായപ്പോൾ വിളിച്ചു, അച്ഛൻ ഫോൺ എടുത്തില്ല, ഞാൻ കിടന്നുറങ്ങി. ഷൂട്ടിനു പോയിട്ടു വരുമ്പോൾ ഉറങ്ങിപ്പോകുന്ന സ്വഭാവം അച്ഛനുണ്ട്. അതുകൊണ്ടായിരിക്കും ഫോണ്‍ എടുക്കാത്തതെന്നോർത്ത് ഞാനും ഉറങ്ങി. രാവിലെ എന്തായാലും അച്ഛൻ വരുമെന്ന് ഓർത്തു. പെട്ടന്ന് അമ്മ വന്ന് എന്നെ തട്ടി എണീപ്പിച്ചു, അച്ഛന് എന്തോ പറ്റിയെന്നു തോന്നുന്നു വിളിച്ച് നോക്കാൻ പറഞ്ഞു. ഫോൺ പക്ഷേ ഓഫ് ആയിരുന്നു. അപ്പോഴേക്കും ആളുകളൊക്കെ വരാൻ തുടങ്ങി. ഞാൻ നേരെ അനൂപേട്ടനെ വിളിച്ചു, എന്തോ പറ്റി അച്ഛനെന്നു ചോദിച്ചു. ‘രക്ഷിക്കാൻ പറ്റിയില്ലെടാ, സോറി’ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്തുവാ അനൂപേട്ടാ പറയുന്നതെന്ന്’ ചോദിച്ച് ഞാൻ ഫോൺ എടുത്തെറിഞ്ഞു.
കാലിന്റെ വിരല് തൊട്ട് ശരീരം മുഴുവൻ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്നു പോലും എനിക്കറിയില്ല. ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നിൽക്കുകയാണ്. ആ സമയത്താണ് ഇവർ ഫൈവ് സ്റ്റാർ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത്. ഒരു തുപ്പലിറക്കാൻ പോലും എനിക്കു പറ്റുന്നില്ല. ഒന്നും മിണ്ടാതെ ഞാനിങ്ങനെ ഇരിക്കുവാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ആശുപത്രിയിൽ എത്തുന്നതു വരെ ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്നു മാത്രമാണ് ആഗ്രഹിച്ചത്. പക്ഷേ പോകുന്ന വഴിക്ക് ഇവർ വാർത്ത വച്ചു, അതിൽ ഞാൻ കണ്ടു. അപ്പോഴും ഇതൊന്നും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. നേരെ ചെന്ന് അച്ഛനെ കണ്ടു. ആളുകളൊക്കെയുണ്ട്. റൂമിൽ തുണിയിങ്ങനെ മാറ്റി അച്ഛനെ കാണിച്ചു. അപ്പോള്‍ എനിക്ക് മനസ്സിലായി. എന്തു ചെയ്യണമെന്ന് അറിയില്ല, ഇനി ആരുണ്ട്, ആരെ വിളിക്കും. അങ്ങനെ നിൽക്കുമ്പോൾ അനൂപേട്ടൻ എന്റടുത്ത് വന്നു പറഞ്ഞു, ‘ഡാ അങ്ങോട്ടുള്ള കാര്യങ്ങളെല്ലാം നോക്കിക്കൊള്ളാം, ഇതിന്റെ ചടങ്ങുകളുടെ കാര്യങ്ങളും നോക്കിക്കൊള്ളാമെന്നു പറഞ്ഞു.
ഇതിനിടയ്ക്ക് മൃതദേഹം കൊല്ലത്ത് കൊണ്ടുപോകണമെന്ന് പറഞ്ഞ് പ്രശ്നം നടക്കുന്നു. പക്ഷേ ഈ കാറിലിരുന്നവർ അതിന് സമ്മതിച്ചില്ല. എന്റെ കയ്യിൽ നിന്ന് ഫോൺ ഒക്കെ വാങ്ങിച്ചു വച്ചു. അനൂപേട്ടന്റെ അടുത്ത് ഞാൻ കാര്യം പറഞ്ഞു, അങ്ങനെ ആ രാത്രി കൊല്ലത്ത് കൊണ്ടുപോയി കാണിച്ചു. പിന്നെ കോട്ടയത്തേക്കു കൊണ്ടുവന്നു, ചടങ്ങുകളെല്ലാം കഴിഞ്ഞു. അപ്പോഴാണ് അമ്മയും അച്ഛനും കൂട്ടരും ഒരു ബില്ല് കൊണ്ടുവന്ന് എന്റെ കയ്യിൽ തരുന്നത്. ഒരുലക്ഷത്തിഎൺപതിനായിരം രൂപ, അത് ചാനലുകാരുടെ കയ്യില്‍ കൊടുക്കാൻ പറഞ്ഞു. ഞാൻ അനൂപേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. ഇതിനൊക്കെ ഒരു ബിൽ ഉണ്ടാക്കി തരാൻ പറഞ്ഞു. അങ്ങനെ ഞാനും ‘മാ’യിലെ ചേട്ടനും ചേർന്ന് ബിൽ ഉണ്ടാക്കി, ആ പൈസ ചാനലുകാർ തന്നു. എല്ലാം കഴിഞ്ഞ് ഞാൻ ഒറ്റയ്ക്കായി. അച്ഛൻ മരിച്ച സമയത്ത് എല്ലാവര്‍ക്കും എന്നോട് സ്നേഹമായിരുന്നു. എല്ലാക്കാര്യത്തിനും അവർ ഉണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അതുമില്ല.
ഡ്രഗ്സിനോട് ഭയങ്കരമായി അഡിക്ട് ആയി. രാത്രി ഉറക്കമില്ല, കണ്ണടച്ചാൽ അച്ഛന്റെ മുഖം. അവിടെയാണെങ്കിൽ ഒട്ടും പറ്റുന്നുമില്ല. ഓപ്പൺ കോഴ്സ് എടുത്ത് പ്ലസ് ടുവിനു പഠിക്കുകയാണ്. എന്നെ നിയന്ത്രിക്കാൻ പോലും ആരുമില്ല. രാത്രി മൂന്ന് മണിക്കൊക്കെയാണ് വീട്ടിൽ കയറുന്നത്. ആരും സംസാരിക്കാനുമില്ല. എല്ലാവരുടെയും ജീവിതത്തിൽ മോശമായ സമയം ഉണ്ടാവില്ലേ, പക്ഷേ ആ സമയം ഞാൻ മനസ്സിലാക്കി. ഇടയ്ക്ക് അച്ഛന്റെ കർമങ്ങൾ ചെയ്യാൻ കൊല്ലത്ത് പോയപ്പോൾ അവരെ ഒരുപാട് മിസ് ചെയ്തു. അന്ന് അവരങ്ങനെ പറഞ്ഞതുകൊണ്ട് അവിടെ നിന്നോട്ടെ എന്നു ചോദിക്കാൻ എനിക്കും പേടിയായിരുന്നു. എന്റെ വിഷമവും സങ്കടവും പറയാൻ ആരുമില്ല. ഞാനതൊക്കെ മനസ്സിലാക്കി, ആ സമയത്ത് ഒരു ജോലിക്കുപോയി.ഒരുദിവസം വിഡിയോ കോൾ ചെയ്തപ്പോൾ കൊല്ലത്തെ വല്യമ്മ ഞാൻ ജോലി ചെയ്യുന്നതു കൊണ്ടു. അവർക്കത് ഭയങ്കര വിഷമമായി. അങ്ങനെ വല്യമ്മ പറഞ്ഞു കൊല്ലത്തു വരാൻ, അങ്ങനെയാണ് ഞാൻ കൊല്ലത്തുവരുന്നത്. ഞാൻ ഇനി കൊല്ലത്തു നിന്നു പഠിക്കുകയാണെന്ന് അമ്മയുടെ വീട്ടുകാരോടു പറഞ്ഞപ്പോൾ അവർക്കൊന്നും പറയാനില്ലായിരുന്നു. അവരെന്നോട് സംസാരിക്കാറേ ഇല്ലായിരുന്നു. ഇതിനിടയ്ക്ക് വീടുമായി ബന്ധപ്പെട്ടൊരു സംഭവമുണ്ട്. ചാനലുകാർ ആണ് വീടു വച്ചു തരാമെന്നു പറയുന്നത്. നിനക്കും റിഥപ്പനും പറയുന്ന സ്ഥലത്ത് വീട് വച്ചു തരാമെന്ന് അവര്‍ പറഞ്ഞു. അച്ഛനില്ലാത്തെ അവർക്കൊപ്പം നിൽക്കാനേ പറ്റില്ല. പഠനവുമായി ബന്ധപ്പെട്ട് മാറി നിൽക്കാനായിരുന്നു എന്റെ ആഗ്രഹം.
കൊല്ലത്തു വന്നതോടെ നല്ല കാര്യങ്ങൾ സംഭവിച്ചു. എനിക്കു നല്ല കൂട്ടുകാരെ കിട്ടി. ഇവരാണ് എന്നെ കൊണ്ടുപോകുന്നത്. എല്ലാത്തിൽ നിന്നുംമാറാൻ പറ്റി, ആളുകളോട് സംസാരിക്കാൻ തുടങ്ങി, ജീവിതം തന്നെ മാറി.ഇതാണ് എന്റെ ജീവിത കഥ. കൊല്ലത്ത് നല്ല സന്തോഷത്തോടെ ജീവിക്കുന്നു. അമ്മയും അങ്ങനെ പോകുന്നു. അമ്മ, അമ്മയുടെ കാര്യത്തിനു വിളിക്കും. ആ ഒരു കണക്‌ഷൻ ഇല്ല ഞങ്ങൾ തമ്മിൽ. ഇനിയും കുറേ കാര്യങ്ങൾ പറയാതെ വിട്ടിട്ടുണ്ട്. ഓർമ വന്ന കാര്യങ്ങൾ പറഞ്ഞു. ഇപ്പോ ഇതൊക്കെ തുറന്നു പറയാൻ കുറച്ച് കാരണങ്ങളുണ്ട്. എന്റെ കൂട്ടുകാരുടെ അമ്മയെപോലും ഫേസ് ചെയ്യാൻ പറ്റാത്ത ഒരവസ്ഥയായി പോയി. എല്ലാവരും എന്നെ അങ്ങനെയൊരു രീതിയിൽ കാണുന്നു. അതുകൊണ്ടാണ് ഇതെല്ലാം തുറന്നു പറഞ്ഞത്. ഇത്രയും അനുഭവിച്ചല്ലോ, ഇത്രയും കാര്യങ്ങളൊക്കെ പഠിച്ചില്ലേ, ഇനിയും ഒറ്റയ്ക്കു തന്നെ നേരിട്ട് മുന്നോട്ടുപോകും. ജീവിതത്തിൽ നടന്ന ഇരുപത് ശതമാനം മാത്രം കാര്യങ്ങളാണ് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്,' കിച്ചു പറഞ്ഞു.