പാട്ടിലൂടെ തന്‍റെ നിലപാടുകള്‍ കൂടി പറയുന്ന ഗായിക ഗൗരി ലക്ഷ്മിക്ക് സമൂഹ മാധ്യമങ്ങളിൽ പിന്തുണയ്‌ക്കൊപ്പം വിമർശനങ്ങളും ഉയരുന്നത് പതിവാണ്. തനിക്കെതിരെ വരുന്ന കമന്റുകൾക്ക് പാട്ടിലൂടെയും വിഡിയോകളിലൂടെയും ഗൗരി മറുപടി നൽകാറുമുണ്ട്. വിമർശകർ തനിക്ക് പാടാൻ കഴിയില്ലെന്ന് പറയുന്ന പാട്ടുകൾ വെല്ലുവിളിയായി ഏറ്റെടുത്ത് ഗൗരി പാടാറുമുണ്ട്. ഇത്തരത്തില്‍ തന്റെ പോസ്റ്റിൽ വന്ന ഒരു നെഗറ്റിവ് കമന്റിന് മറുപടി നൽകിക്കൊണ്ട് ഗായിക പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ചേച്ചി, സ്വന്തമായി കവിത രചിച്ച്, സ്വന്തമായി സംഗീതം നൽകി, സ്വന്തമായി ആലപിക്കുന്ന ആ പരിപാടി ഒന്ന് നിർത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളു ചേച്ചി...! വിഷമത്തോടെയാണെങ്കിലും ചേച്ചി അത് ഒന്ന് മനസ്സിലാക്കണം..! നിങ്ങൾ ഒരു നല്ല ഗായികയാണ്’ എന്നായിരുന്നു ഇത്തവണ ഗൗരിയുടെ പോസ്റ്റിനടിയില്‍ വന്ന കമന്‍റ്. 'vivek.hangers' എന്ന ഐഡിയിൽ നിന്നുമാണ് കമന്‍റ് ചെയ്തിരിക്കുന്നത്. പിന്നാലെ 2009 ലെ തന്റെ പഴയ വിഡിയോ പങ്കുവച്ച് ഗൗരിയുടെ മറുപടിയുമെത്തി.
സ്റ്റേജിൽ ഇരിക്കുന്ന കുഞ്ഞു ഗൗരിയെ വിഡിയോയിൽ കാണാം. 'സഖിയെ നിൻ കൺമുനകളിൽ' എന്ന ഗാനത്തിന് രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഈ കൊച്ചു കുട്ടിയാണ് എന്ന് പറഞ്ഞാണ് വിഡിയോയിൽ അവതാരകൻ ഗൗരിയെ പരിചയപ്പെടുത്തുന്നത്. ഗൗരി ആ ഗാനം സ്റ്റേജിൽ ആലപിക്കുന്നുണ്ട്. അടുത്ത മോഹൻലാൽ- റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ഈ ഗാനം ഉണ്ടെന്നും അവതാരകൻ പറയുന്നുണ്ട്.
2012 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ കാസനോവയിൽ ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു. ഒരു 13 വയസുകാരിയാണ് ആ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചതെന്നത് അന്ന് ഏറെ കൗതുകമുള്ള വാർത്ത ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായക എന്ന നിലയിൽ ഗൗരിയുടെ പാട്ട് അന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും മാധ്യമങ്ങളിൽ വലിയ പ്രചാരം നേടുകയും ചെയ്തിരുന്നു.
തന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് വിമർശകരെ ഓർമിപ്പിക്കുകയാണ് ഗൗരി ഈ പോസ്റ്റിലൂടെ ചെയ്തതെന്നാണ് കമന്റുകൾ. 'ഇതു ഗൗരിയുടെ പാട്ടായിരിന്നോ' എന്ന് അതിശയത്തോടെ ചോദിക്കുന്ന കമന്റുകളുമുണ്ട്. ‘ഇപ്പോഴും റിപ്പീറ്റ് ചെയ്ത് കേൾക്കുന്ന ഗാനമാണ്, ഇനിയും ഇതുപോലെ നല്ല പാട്ടുകൾ ചെയ്തുകൂടെ...’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.