റിലീസ് ചെയ്ത് ഏഴാം ദിവസം 100 കോടി ക്ലബില്‍ ഇടംപിടിച്ച് മുന്നേറുകയാണ് ആട് 3. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 20 കോടി രൂപക്ക് മുകളിൽ ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രം ആദ്യ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 48 കോടി ആഗോള കലക്‌ഷൻ ആയിരുന്നു. ആട് സീരിസില്‍ ഓരോ ക്യാരക്ടറിനും പ്രത്യേക ഫാന്‍ ബേസുണ്ട്. വിനായകന്‍റെ കഥാപാത്രമായ ഡ്യൂഡ് ആട്3യിലും തിയേറ്ററിനെ ഇളക്കി മറിക്കുകയാണ്. കഥാപാത്രത്തിന്‍റെ സ്റ്റൈല്‍ കോപ്പി ചെയ്തത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനില്‍ നിന്നാണെന്ന് പറയുകയാണ് വിനായകന്‍.
''ഡ്യൂഡിന്‍റെ നടത്തം മുന്‍പ് കണ്ടിട്ടുണ്ടോ?, പുടിന്‍ എന്നൊരു പ്രസിഡന്‍റുണ്ട്. പുള്ളിയെ കണ്ടാലിയാം എവിടെ നിന്നാണ് വിനായകന്‍ ഇത് അടിച്ചു മാറ്റിയത് എന്ന് പുടിന്‍ ഇങ്ങനെയാണ് നടക്കുന്നത്'',എന്നായിരുന്നു വിനായകന്‍റെ വാക്കുകള്‍. ഏത് കഥാപാത്രമായാലും വിനായകന്‍റെ സ്പെഷ്യല്‍ സൈറ്റല്‍ ഉണ്ടാകും. കിട്ടുന്ന കാശിന് അടിപൊളിയായി ജോലി ചെയ്യുമെന്നും വിനായകന്‍ പറഞ്ഞു.
ഡ്യൂഡിന്‍റെ സഹായിയായ കഞ്ചാവ് സോമന്‍ എന്ന കഥാപാത്രത്തെ പറ്റിയും അഭിമുഖത്തില്‍ സംസാരിച്ചു. കഥാപാത്രം നെതന്യാഹുവിനെ പോലെയാണ് നടന്നതെന്ന് സുധി കോപ്പ തമാശയായി പറഞ്ഞു. ഇതിനെ വിനായകന്‍ വിശദീകരിച്ചു. ''നെതന്യാഹവിന്‍റെ സംസാരം കേട്ടിട്ടുണ്ടോ. സംസാരിക്കുമ്പോള്‍ മേല്‍ ചുണ്ട് അനങ്ങും, നെതന്യാഹു സംസാരിക്കുമ്പോള്‍ മേല്‍ചുണ്ട് അനങ്ങില്ല. കാര്യക്ടര്‍ എവിടെ നിന്നാണ് വരുന്നതെന്ന് ഇപ്പോ മനസിലായോ'' എന്നും വിനായകന്‍ പറഞ്ഞു.
മാർച്ച് 19 ന് ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്.