നടൻ വിജയ്‌യുടെ വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ഭാര്യ സംഗീതയ്ക്ക് ലഭിക്കുന്ന പൊതുജന പിന്തുണയിൽ ചോദ്യങ്ങളുമായി നടൻ രവി മോഹന്റെ (ജയം രവി) മുൻഭാര്യ ആരതി രവി. ഭാര്യയുടെ അന്തസ്സും അവരോടുള്ള സഹാനുഭൂതിയും ഭർത്താവിന്റെ 'മാർക്കറ്റ് വാല്യൂ' അനുസരിച്ചാണോ നിശ്ചയിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ആരതി രവി ഉന്നയിച്ചത്.  

വൈകാരികമായ ആഘാതത്തിലൂടെ കടന്നുപോകുന്ന സംഗീതയ്ക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ട്. ഭാര്യയുടെ അന്തസ്സിനെക്കുറിച്ച് ചർച്ചകൾ ഉയർന്നുവരുന്നതും നല്ല കാര്യം. എന്നാൽ സമാന സാഹചര്യം തനിക്ക് ഉണ്ടായപ്പോൾ പിന്തുണ ലഭിച്ചില്ലെന്നും ആരതി കുറിച്ചു. തൻ്റെ ജീവിതത്തിൽ ഇതുപോലൊരു അനുഭവം ഉണ്ടായപ്പോൾ സമൂഹം ഇത്തരത്തിലല്ല പ്രതികരിച്ചതെന്നും ആരതി ചൂണ്ടിക്കാട്ടി.

നടൻ രവി മോഹൻ (ജയം രവി) ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം കഴിഞ്ഞ വർഷം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ഉണ്ടായ വിവാദങ്ങളെയാണ് ആരതി പോസ്റ്റിൽ ഉദേശിച്ചത്. അന്ന് തനിക്ക് ലഭിച്ച പിന്തുണ വളരെ കുറവായിരുന്നുവെന്നും തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുകയാണ് ഉണ്ടായതെന്നും ആരതി പറയുന്നു. സഹാനുഭൂതിയും പിന്തുണയും നൽകേണ്ടത് സമൂഹത്തിൽ ശക്തരായവർക്ക് മാത്രമല്ല, ഒരു സ്ത്രീയുടെ അന്തസ്സ് അളക്കേണ്ടത് ഭർത്താവിന്റെ പദവിക്ക് അനുസരിച്ചാകരുത് എന്നും പറഞ്ഞാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

തനിക്ക് ലഭിക്കുന്ന പിന്തുണ നൽകിയവരോട് നന്ദി പറഞ്ഞ ആരതി, ഒരു ഭാര്യയും ഇത്തരത്തിലുള്ള അപമാനം നിശ്ശബ്‌ദമായി സഹിക്കാൻ അർഹയല്ലെന്നും വ്യക്തമാക്കി. വിജയ്, സംഗീത, തൃഷ എന്നിവരുടെ പേരോ അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയോ നേരിട്ട് പരാമർശിക്കാതെ ആയിരുന്നു ആരതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 

ENGLISH SUMMARY:

Aarti Ravi, the ex-wife of actor Ravi Mohan, has raised questions about the public's support for Sunita, wife of actor Vijay, following their divorce. She questions whether a woman's dignity and the sympathy she receives are determined by her husband's 'market value'.