ശ്രീവിദ്യ മുല്ലച്ചേരി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ വരുന്നത് എപ്പോഴും ചിരിച്ചുല്ലസിച്ച് സംസാരിക്കുന്ന ആ മുഖമാണ്. എന്നാൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടും അല്പം സങ്കടത്തിലാഴ്ത്തിക്കൊണ്ടുമാണ് താരത്തിന്റെ പുതിയ വിഡിയോ.താൻ ആഗ്രഹിച്ചതെല്ലാം ജീവിതത്തിൽ സ്വന്തമാക്കിയെന്നും എന്നാല്‍ ഉള്ളിൽ ഒട്ടും സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല എന്ന ശ്രീവിദ്യയുടെ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

തന്റെ ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ശ്രീവിദ്യ മനസ് തുറന്നത്. എന്നെ അറിയാവുന്നവരെല്ലാം പറയാറുള്ളത് ഞാൻ എപ്പോഴും ഹാപ്പി ആണെന്നാണ്. ലോകം ഇടിഞ്ഞുവീണാലും എനിക്കൊരു കുഴപ്പവുമില്ലെന്ന് അമ്മ പോലും പറയാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ അവസ്ഥ അതല്ല. വലിയൊരു വീട് വെച്ചു, വർക്ക് ലൈഫ് മികച്ച രീതിയിൽ പോകുന്നു, പുതിയൊരു ഷോയിൽ ജോയിൻ ചെയ്യുന്നു. ഇതെല്ലാം ഞാൻ ആഗ്രഹിച്ചതാണ്. പക്ഷേ ഇതൊന്നും ആസ്വദിക്കാൻ എനിക്ക് പറ്റുന്നില്ല. ശരീരമാണെങ്കിലും മനസാണെങ്കിലും ഇതിനെയൊന്നും സ്വീകരിക്കുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കിൽ ആരെങ്കിലും പറഞ്ഞുതരണമെന്നാണ് താരം പറയുന്നത്.

തന്‍റെ അവസ്ഥയെ കുറിച്ചുള്ള വിഡിയോ പങ്കുവച്ചതിനു പിന്നാലെ ശ്രീവിദ്യയുടെ സങ്കടത്തിന് ആശ്വാസവാക്കുകളുമായി നിരവധി പേരെത്തി. 'നമുക്ക് സെറ്റ് ആക്കാം വാവേ' എന്നായിരുന്നു ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രന്‍റെ കമന്‍റ്. താരം നേരിടുന്ന ഈ അവസ്ഥയെ ഗൗരവത്തോടെ കണ്ട് നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്തും രംഗത്തെത്തി. ജീവിതത്തിൽ ഓടിത്തീർക്കുന്നതിനിടയിൽ പലരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാറുണ്ടെന്നും, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്ന 'ഡൂയിങ്ങ്' മോഡിൽ നിന്നും മാറി അല്പം പതുക്കെയാവുന്ന 'സ്ലോ' മോഡിലേക്ക് മാറണമെന്നും അശ്വതി നിർദ്ദേശിച്ചു. ഇതിനായി പ്രൊഫഷനൽ തെറാപ്പി തേടുന്നത് ഗുണം ചെയ്യുമെന്നും അശ്വതി കൂട്ടിച്ചേർത്തു.

ശ്രീവിദ്യയുടെ ഈ തുറന്നുപറച്ചിൽ സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പേർക്ക് ആശ്വാസമാവുകയാണ്. ജീവിതം എപ്പോഴും പെർഫെക്ട് അല്ലെന്നും സങ്കടങ്ങൾ തുറന്നുപറയുന്നതിൽ തെറ്റില്ലെന്നും ശ്രീവിദ്യയുടെ വിഡിയോ ഓർമ്മിപ്പിക്കുന്നു. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

ENGLISH SUMMARY:

Popular Malayalam actress Sreevidhya Mullachery opens up about her emotional struggles in a recent Instagram video. Despite achieving major milestones like building a new home and career growth, she shares a sense of deep emptiness. Her husband, director Rahul Ramachandran, and life coach Aswathi Sreekanth offer heartfelt support and advice.