ജോർജുകുട്ടിയുടെ പുതിയ ബുദ്ധിപരമായ നീക്കങ്ങൾ കാണാനായി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ റിലീസ് തീയതി മാറ്റി. ചിത്രം ഏപ്രിൽ 2-ന് തീയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ പ്രഖ്യാപനം അനുസരിച്ച് മെയ് 21-നാണ് റിലീസ് ചെയ്യുക. ഈ തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനമാണ് അന്ന്. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 'ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു' എന്ന ആകാംക്ഷ നിറഞ്ഞ കുറിപ്പോടെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം മലയാള സിനിമകളുടെ ഗൾഫ് റിലീസിനെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് റിലീസ് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ റിലീസ് തടസപ്പെടാതിരിക്കാനാണ് മെയ് മാസത്തിലേക്ക് ചിത്രം മാറ്റിയതെന്നാണ് സൂചന. അതേസമയം, സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളുമായി എത്തുന്ന പ്രേക്ഷകർക്ക് സംവിധായകൻ ജീത്തു ജോസഫ് ചില മുന്നറിയിപ്പുകളും നൽകുന്നുണ്ട്. ഒരു വൻ ആക്ഷൻ പടമോ 'ജഗപൊഗ' സിനിമയോ പ്രതീക്ഷിച്ച് തീയറ്ററുകളിലേക്ക് വരരുത് എന്നാണ് അദ്ദേഹം പറയുന്നത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും വൈകാരികമായ യാത്രയാണ് സിനിമയിൽ പ്രധാനം. രണ്ടാം ഭാഗം പോലെയല്ല, മറിച്ച് ഒന്നാം ഭാഗത്തിന്റെ ഒരു ശൈലിയിലായിരിക്കും ദൃശ്യം 3 ഒരുങ്ങുന്നത്. മുൻവിധികളില്ലാതെ വന്ന് സിനിമ കാണണമെന്നും ഇതൊരു നല്ല ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലയാളത്തിൽ ചിത്രീകരണം പുരോഗമിക്കുന്നതിനൊപ്പം തന്നെ ദൃശ്യം 3-യുടെ ഹിന്ദി പതിപ്പിനെക്കുറിച്ചുള്ള വാർത്തകളും സജീവമാണ്. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. എന്നാൽ ഇതിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്ന അക്ഷയ് ഖന്ന പ്രോജക്റ്റിൽ നിന്ന് പിന്മാറിയത് വലിയ ചർച്ചയായിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ദൃശ്യം 3, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ത്രില്ലർ വിരുന്നായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.