ഓസ്കര്‍ വേദിയില്‍ ഷോണ്‍ പെന്‍ മികച്ച സഹനടനായി തിരഞ്ഞടുക്കപ്പെടുമ്പോള്‍ ആയിരക്കണക്കിന് മൈലുകൾ അകലെ, കീവ് നഗരമധ്യത്തിൽ ട്രെയിനിറങ്ങി നടന്നുനീങ്ങുകയായിരുന്നു ഇതിഹാസ താരം. ഹോളിവുഡിന്റെ പ്രൗഢിക്ക് പകരം യുദ്ധഭൂമി തിരഞ്ഞെടുത്ത ഷോണിന്, യുക്രെയ്ന്‍ ഒരു സമ്മാനം നല്‍കി. യുദ്ധത്തിൽ തകർന്ന റെയിൽവേ പാളത്തില്‍ തീർത്ത ഓസ്കർ മാതൃകയിലുള്ള പുരസ്കാരമാണ് സമ്മാനിച്ചത്. സിനിമയും പോർമുഖത്തെ യാഥാർഥ്യവും ഒന്നിച്ചലിഞ്ഞ നിമിഷത്തിൽ, മൂന്നുവട്ടം ഓസ്കര്‍ നേടിയ പ്രതിഭയ്ക്ക് യുക്രെയ്ന്റെ പ്രതീകാത്മക ആദരം.
പോള്‍ തോമസ് ആന്‍ഡേഴ്സന്‍ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലെ അഭിനയത്തിനാണ് ഷോണ്‍ പെന്നിനെ തേടി ഓസ്കര്‍ എത്തിയത്. എന്നാൽ, യുദ്ധം തകർത്ത യുക്രെയ്നിലെ തലസ്ഥാന നഗരിയിൽ പ്രസിഡന്റ് വ്ലാഡിമര്‍ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് പുരസ്കാര ചടങ്ങ് ഒഴിവാക്കിയത്. ട്രെയിനിലാണ് താരം കീവില്‍ വന്നിറങ്ങിയത്. അവസാന നിമിഷം വരെ ഷോണ്‍ പെന്നിന്റെ ട്രെയിന്‍ യാത്ര രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്ന് യുക്രെയ്നിലെ റെയിൽവേ അറിയിച്ചു. രാവിലെ ട്രെയിനിൽ നിന്നിറങ്ങുന്ന പെന്നിന്റെ ചെറിയൊരു വിഡിയോയും അവർ പങ്കുവച്ചു. ഇനി ഞങ്ങൾക്ക് ഔദ്യോഗികമായി പറയാം: ഷോൺ പെൻ ഓസ്കറിനു പകരം തിരഞ്ഞെടുത്തത് യുക്രെയ്നാണ്!" – യുക്രെയിന്‍ റയില്‍വെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
തീവ്രനിലപാടുകളുള്ള സൈനികോദ്യോഗസ്ഥനായ കേണൽ സ്റ്റീവൻ ലോക്ജോ എന്ന കഥാപാത്രത്തെയാണ് 65-കാരനായ പെൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കറുത്ത വർഗക്കാരിയായ ഒരു വിപ്ലവകാരിയെ പ്രണയിക്കുകയും, അതേസമയം അവരുടെയും കുടുംബത്തിന്‍റെയും എല്ലാ നിലപാടുകളെയും വെറുക്കുകയും ചെയ്യുന്ന വെള്ളക്കാരനായ ഒരു വംശീയവാദിയാണ് ഈ കഥാപാത്രം. ഇതിനു മുൻപ് 2004-ൽ 'മിസ്റ്റിക് റിവർ', 2009-ൽ 'മിൽക്ക്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ അദ്ദേഹം നേടിയിരുന്നു.