98ാമത് ഓസ്കർ അവാർഡിൽ തിളങ്ങി ലിയനാര്‍ഡോ ഡി കാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍. മികച്ച സിനിമ ഉള്‍പ്പടെ ആറ് പുരസ്കാരങ്ങള്‍ ചിത്രം നേടി.ചിത്രമൊരുക്കിയ പോള്‍ തോമസ് ആന്‍ഡേഴ്സന്‍, സംവിധാനം, അവലംബിത തിരക്കഥ എന്നീ പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഷോണ്‍ പെന്‍ ആണ് സഹനടന്‍. ആദ്യമായി ഏര്‍പ്പെടുത്തിയ കാസ്റ്റിങ്ങിനുള്ള പുരസ്കാരവും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിനാണ്. നേരത്തേ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, പ്രൊഡ്യൂസേഴ്സ് ഗിൽഡ് പുരസ്കാരങ്ങളും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് ലഭിച്ചിരുന്നു.
റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സില്‍ ഇരട്ടവേഷത്തിലെത്തിയ മൈക്കിൾ ബി. ജോർദൻ മിക്ച്ച നടനായി. എങ്കിലും 16 നാമനിര്‍ദേശുവമായി എത്തി സിന്നേഴ്സ് നാല് പുരസ്കാരങ്ങളില്‍ ഒതുങ്ങി. ‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ മാറി. അതേസമയം, ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായി. മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഏമി മാഡിഗന്‍ സ്വന്തമാക്കി. ‘വെപ്പൻസ്’ എന്ന ഹൊറർ സിനിമയിലൂടെയാണ് ഏമിയുടെ പുരസ്കാര നേട്ടം.
നോർവെ ചിത്രം ‘സെന്റിമെന്റൽ വാല്യു’ ആണ് മികച്ച വിദേശ ഭാഷാ ചിത്രം. കോസ്റ്റ്യൂമിലും മേക്കപ്പിനുമുള്ള പുരസ്കാരം ‘ഫ്രാങ്കെൻസ്റ്റൈൻ’ സ്വന്തമാക്കി. കൊറിയൻ സിനിമയായ കെപോപ്പ് ഡീമൻ ഹണ്ടേഴ്സിന് മികച്ച ഒറിജനൽ സോങിനുള്ള പുരസ്കാരവും മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.
പ്രശസ്ത ഹാസ്യനടൻ കോനൻ ഒബ്രിയാൻ തുടർച്ചയായ രണ്ടാം വർഷവും അവാർഡ് നിശ അവതാരകനായി എത്തിയത് ചടങ്ങിനെ ആവേശത്തിലാക്കി. പ്രിയങ്ക ചോപ്ര, റോബർട്ട് ഡൗണി ജൂനിയർ, ആൻ ഹാത്ത്‌വേ തുടങ്ങിയ പ്രമുഖ താരങ്ങൾ അവാർഡുകൾ സമ്മാനിക്കാനായി വേദിയിലെത്തി. ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കനത്ത സുരക്ഷയിലായിരുന്നു അവാർഡ് പ്രഖ്യാപന ചടങ്ങുകൾ.