ഹോളിവുഡ് താരങ്ങളുടെ പേടിസ്വപ്നമായ റാസി അവാർഡുകളിൽ പുരസ്കാരം വാരിക്കൂട്ടി സയൻസ് ഫിക്‌ഷൻ ചിത്രം വാർ ഓഫ് ദ വേൾഡ്സ്. മോശം സിനിമയും നടനും ഉൾപ്പെടെ 5 അവാർഡുകൾ ചിത്രം നേടി. ഓസ്കർ പുരസ്കാരങ്ങൾക്കു ബദലായി 1980 ൽ നിലവിൽ വന്നതാണ് ഡോൾഡൻ റാസ്പ്ബെറി അവാർഡ് എന്ന റാസി അവാർഡ്.
എച്ച്.ജി. വെൽസിന്റെ 1898-ലെ വിഖ്യാത നോവലിനെ ആസ്പദമാക്കി കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സിനിമയാണ് വാര്‍ ഓഫ് ദ വേള്‍ഡ്സ്. റിച്ച് ലീയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ നായകന്‍ ഐസ് ക്യൂബിനാണ് മോശം നടനുള്ള റാസി പുരസ്കാരം. മോശം തിരക്കഥ, റീമേക്ക്, സംവിധായകൻ എന്നീ അവാര്‍ഡുകളും സിനിമയ്ക്കാണ്. എച്ച്.ജി. വെൽസിന്റെ ക്ലാസിക് നോവലിനെ ചിത്രം പൂർണമായും നശിപ്പിച്ചുവെന്ന് റാസി അവാര്‍ഡ്സ് അഭിപ്രായപ്പെട്ടു. നിലവാരമില്ലാത്ത സംഭാഷണങ്ങളും ഐസ് ക്യൂബിന്റെ പരിഹാസ്യമായ പ്രകടനവുമാണ് ഏറ്റവും കൂടുതൽ റാസി പുരസ്കാരങ്ങള്‍ നേടാന്‍ ചിത്രത്തിനെ സഹായിച്ചതെന്ന് പാരഡി അവാർഡ് ഷോയുടെ സംഘാടകർ പരിഹസിച്ചു.
വാള്‍ട്ട് ഡിസ്നിയുടെ ശാപമെന്ന് റാസി
1937-ലെ ഡിസ്നി ക്ലാസിക് അനിമേഷൻ ചിത്രമായ സ്നോ വൈറ്റിന്റെ, 2025-ൽ പുറത്തിറങ്ങുന്ന ലൈവ്-ആക്ഷൻ റീമേക്ക് ആയിരുന്നു ഈ വർഷത്തെ റാസിയുടെ മറ്റൊരു പ്രധാന ഇര. ചിത്രത്തിലെ ഏഴ് സിജിഐ കഥാപാത്രങ്ങള്‍ക്ക് മോശം സഹനടനും മോശം ഓൺസ്ക്രീൻ ജോഡിക്കുമുള്ള പുരസ്കാരങ്ങൾ ലഭിച്ചു. ചിത്രം ഒരിക്കലും റീമേക്ക് ചെയ്യരുതെന്ന വാൾട്ട് ഡിസ്നിയുടെ അന്ത്യാഭിലാഷം അവഗണിച്ചതിന് ശാപം ഏറ്റുവാങ്ങിയതാകാം എന്ന് റാസീസ് പുരസ്കാര പ്രഖ്യാപനത്തിൽ പരിഹസിച്ചു.
ബ്രൈഡ് ഹാർഡ് എന്ന ആക്‌ഷൻ കോമഡി ചിത്രത്തിലെ പ്രകടനത്തിന് റെബൽ വിൽസൺ മോശം നടിക്കുള്ള പുരസ്കാരം നേടി. ഗൺസ്ലിങ്ങേഴ്സ് എന്ന വെസ്റ്റേൺ ആക്‌ഷൻ ചിത്രത്തിലെ അഭിനയത്തിന് സ്കാർലറ്റ് റോസ് സ്റ്റാലോൺ മോശം സഹനടിക്കുള്ള പുരസ്കാരത്തിന് അർഹയായി. മുൻപ് റാസി നാമനിർദേശം ലഭിക്കുകയും പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തവർക്ക് നൽകുന്ന റാസി റിഡീമർ പുരസ്കാരം കെയ്റ്റ് ഹഡ്സണ് ലഭിച്ചു. സോങ് സങ് ബ്ലൂ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഹഡ്സന് റിഡീമര്‍ പുരസ്കാരം. 24 രാജ്യങ്ങളിൽനിന്നായി ആയിരത്തോളം റാസി അംഗങ്ങൾ ഓൺലൈനിൽ വോട്ടെടുപ്പു നടത്തിയാണു വിജയികളെ കണ്ടെത്തുന്നത്. പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമെങ്കിലും ആരും അവാര്‍ഡ് വാങ്ങാനെത്താറില്ല.