aju-varghese-deepa-nair

പ്രിയം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ആളാണ് ദീപാ നായര്‍. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം  ആറ്റുകാല്‍ പൊങ്കാല ദിവസം താരം പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് വൈറലാവുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ദീപ കേരളത്തിലെത്തുന്നത്.

പ്രിയം സിനിമ ഇറങ്ങിയ സമയത്ത് തനിക്ക് ഒരുപാട് ലവ്‌ലെറ്ററുകള്‍ കിട്ടിയിരുന്നെന്നും അതില്‍ അജു വര്‍ഗീസ് അയച്ച കത്തും ഉണ്ടായിരുന്നെന്നാണ് ദീപ പറഞ്ഞത്. അജു അന്ന് ചെറുതാണ്, തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നും ദീപ ഓര്‍ത്തെടുത്തു. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും ആരാധകർ അയക്കുന്ന സന്ദേശങ്ങൾക്ക് താൻ മറുപടി നൽകാറുണ്ടെന്നും ഇത്രയും കാലമായിട്ടും ആളുകൾ തന്നെ ഓർക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

2000-ൽ റിലീസ് ചെയ്ത 'പ്രിയം' സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായ 'ആനി'യെയാണ് ദീപ അവതരിപ്പിച്ചത്. എൻജിനീയറിങ് പഠനകാലത്ത് സിനിമയിലെത്തിയ ദീപ, പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയുമായിരുന്നു. കഴിഞ്ഞ 23 വർഷമായി കുടുംബത്തോടൊപ്പം മെൽബണിലാണ് താരം താമസിക്കുന്നത്. ദീപയുടെ വിഡിയോ വൈറലായതോടെ, 'അജൂ, ഫോണൊക്കെ ഓഫാക്കി വല്ല കുണ്ടിലും പോയി ഒളിച്ചോ, തൂക്കിയല്ലോ നാഥാ' എന്നിങ്ങനെയുള്ള രസകരമായ കമന്റുകളുമായി ആരാധകർ അജു വർഗീസിനെ ട്രോളുകയാണ്.

ENGLISH SUMMARY:

Deepa Nair, famous for her role in the Malayalam movie 'Priyam', recently shared nostalgic memories of her fan following. She revealed that actor Aju Varghese used to be a big fan and even sent her love letters during his younger days.