വീണ്ടും വിവാഹിതയാവാന്‍ ആഗ്രഹിക്കുന്നുവെന്ന് അന്തരിച്ച കലാകാരന്‍ സുധിയുടെ ഭാര്യ രേണു. ഒറ്റക്കുള്ള ജീവിതം മടുത്തുവെന്നും തനിക്കൊരു കൂട്ട് വേണമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണു പറഞ്ഞത്. ‘ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു.’’ രേണു സുധി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

വീണ്ടും വിവാഹിതയായാല്‍ പേരിലെ സുധി മാറ്റുമെന്ന് രേണു അടുത്തിടെ പറഞ്ഞിരുന്നു. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്‍ത്തത്. ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്‍ത്തുന്നത്. ഭാവിയില്‍ അതിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും രേണു പറഞ്ഞിരുന്നു. 

2023 ജൂണിലായിരുന്നു വാഹനാപകടത്തില്‍ സുധിയുടെ മരണം സംഭവിച്ചത്. തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. കൊല്ലം സുധി സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുധിയുടെ മരണശേഷം അഭിമുഖങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും രേണു ശ്രദ്ധിക്കപ്പെടുകയായിരുന്നു. മൂന്ന് സിനിമകളിലും രേണു അഭിനയിച്ചു. ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും രേണു അഭിനയിക്കുന്നുണ്ട്. 

ENGLISH SUMMARY:

Renu, the wife of the late artist Sudhi, has expressed her desire to remarry. She conveyed through an Instagram story that she is tired of living alone and wishes for companionship.