വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ ന്റെ റിലീസിങ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്. ചിത്രത്തിന് പ്രദര്‍ശനാനുമതി. സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ചോദ്യം ചെയ്തുള്ള നിര്‍മാതാക്കളുടെ അപ്പീലിലാണ് വിധി. ടീസറും ട്രെയിലറും ചിത്രത്തിന്‍റെ ഭാഗമല്ലെന്ന വാദവും ബെഞ്ച് അംഗീകരിച്ചു.
ഇന്നായായിരുന്നു ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്‍റെ റിലീസിങ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ചിത്രത്തിന്‍റെ റിലീസിങ് 15 ദിവസത്തേക്ക് തടയുകയായിരുന്നു. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് തടഞ്ഞത്. ഇത്തരത്തിലുള്ള സിനിമയ്ക്ക് എങ്ങനെ യുഎ സർട്ടിഫിക്കറ്റ് കിട്ടി എന്നും സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു.
സെൻസർ ബോർഡ് ഒരിക്കൽ കൂടി ചിത്രം കണ്ട് നടപടികൾ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നാലെ നിർമ്മാതാക്കൾ അടിയന്തരമായി അപ്പീൽ നൽകി. തുടര്‍ന്ന് സ്പെഷൽ സിറ്റിങ് നടത്തി ഡിവിഷൻ ബെഞ്ച് അത് പരിഗണിക്കുകയുമായിരുന്നു.