'കേരള സ്റ്റോറി 2' ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ ഹൈക്കോടതി സിംഗില്‍ ബെഞ്ച് വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ നല്‍കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി. വാദം പൂര്‍ത്തിയായ ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാനായി മാറ്റിയത്. രാത്രി തന്നെ ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്. ഇന്ന് അനുകൂല വിധി വന്നില്ലെങ്കില്‍ ചിത്രം നാളെ റിലീസ് ചെയ്യാന്‍ സാധിക്കില്ല.
കേരളത്തെ കരിവാരി തേക്കുന്ന ചിത്രമാണിത് എന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കിയത്. സിനിമ കണ്ട് വിലയിരുത്താനുള്ള സിംഗിൾ ബെഞ്ചിന്റെ താല്പര്യം നിർമാതാക്കൾ അംഗീകരിച്ചില്ല. നിർമാതാക്കൾ ആവശ്യം അംഗീകരിച്ചു എങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാതെയുമാണ് സിനിമ റിലീസിന് സിംഗിൾ ബെഞ്ച് സ്റ്റേ ഏർപ്പെടുത്തിയതെന്നാണ് നിര്‍മാതാക്കളുടെ വാദം.
ചിത്രത്തിന്‍റെ പേര് കലാകാരന്‍റെ സ്വാതന്ത്ര്യമെന്നും കേരളത്തെ അപമാനിക്കുന്നതല്ല ചിത്രമെന്നുമാണ് നിര്‍മാതാക്കള്‍ വാദിച്ചത്. റിലീസ് മുടങ്ങിയാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിര്‍മാതാക്കള്‍ കോടതിയെ ബോധിപ്പിച്ചു. ഇന്ത്യയിൽ മാത്രം 1500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വിദേശത്ത് 375 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. അതുകൊണ്ട് റിലീസിംഗ് മുടങ്ങുകയാണെങ്കിൽ അത് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചത്.
സിംഗിൾ ബെഞ്ചിൽ വാദം നടന്നപ്പോൾ സെൻസർ ബോർഡ് നിർമാതാക്കൾക്ക് വേണ്ടിയാണ് പ്രധാനമായും വാദിച്ചത്. സിനിമയുടെ പേര് മാറ്റേണ്ടതില്ല എന്ന നിലപാടായിരുന്നു സെൻസർ ബോർഡിന്‍റേത്. എന്നാല്‍ ഡിവിഷൻ ബെഞ്ചിൽ കേസെത്തിയ സമയത്ത് സെൻസർ ബോർഡ് ഒരു വാദം പോലും ഉന്നയിച്ചില്ലെന്നതാണ് ശ്രദ്ധേയം. അഡീഷണൽ സോളിസെറ്റർ ജനറലായ സുന്ദരേശവനാണ് സെൻസർ ബോർഡ് വേണ്ടി കോടതിയിൽ ഹാജരായത്. തനിക്ക് ഒന്നും പറയാനില്ലെന്നും സാന്നിധ്യം മാത്രം രേഖപ്പെടുത്തിയാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്.
ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയാണെങ്കിൽ നാളെ തന്നെ സിനിമ റിലീസ് ചെയ്യും. അല്ലെങ്കില്‍ നിയമപോരാട്ടം തുടരും.