‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. ചിത്രത്തെ ഒരു പ്രൊപ്പഗാണ്ട സിനിമയെന്ന് വിശേഷിപ്പിച്ച അനുരാഗ്, സിനിമ നിർമ്മിച്ചയാൾക്ക് പണത്തോടുള്ള അത്യാഗ്രഹമാണെന്നും കുറ്റപ്പെടുത്തി. ഖിച്ചഡി പോലും ഇതുപോലെ ആർക്കും കഴിപ്പിക്കില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ഇപ്പോഴിതാ അനുരാഗ് കശ്യപിന് മറുപടിയുമായി 'ദ കേരളാ സ്റ്റോറി 2' സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാ കാര്യത്തിലും കുറ്റം കണ്ടെത്താൻ നടക്കുകയാണ് അനുരാഗ് കശ്യപെന്ന് നാരായൺ സിങ് പറയുന്നു. അനുരാഗ് കശ്യപ് അടുത്തകാലത്തായി നടത്തിയ പരാമർശങ്ങളെ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് മറുപടി.
‘ഇങ്ങനെ ഖിച്ചഡി പോലും വിളമ്പില്ലെന്നാണ് അനുരാഗ് കശ്യപ്ജി പറയുന്നത്. ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരാൾക്ക് ലഡു പോലും അങ്ങനെ നൽകാൻ കഴിയില്ല. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ, നിഷ്‌കളങ്കരായ നമ്മുടെ പെൺമക്കളെ മതംമാറ്റാൻ ബീഫ് നൽകുന്നുണ്ട്; അതൊരു കുറ്റകൃത്യമാണ്', സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ കാമാഖ്യ നാരായൺ സിങ് ആരോപിച്ചു.
അതേസമയം ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്‍റെ ട്രെയിലറിലെ വർഗീയ നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളുമാണ് വിമർശനങ്ങൾക്ക് ആധാരം. പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ ട്രോളുകൾക്ക് വഴിവച്ചിരുന്നു.