ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന നിവിൻ പോളി ചിത്രം 'പ്രതിച്ഛായ'യുടെ ട്രെയിലർ ലോഞ്ചിനിടെ നടൻ മോഹൻലാൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമിയോട് അപമര്യാദയായി പെരുമാറിയെന്നും തട്ടിമാറ്റിയെന്നുമുള്ള പ്രചാരണങ്ങൾക്ക് മറുപടിയുമായി എസ്എൻ സ്വാമി.

തന്നോട് മോഹൻലാൽ മോശമായി പെരുമാറി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എസ്.എൻ സ്വാമി പറഞ്ഞു. ചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെയുണ്ടായ തിരക്കിലെ ദൃശ്യങ്ങൾ മനഃപൂർവം എഡിറ്റ് ചെയ്തും ഫ്രെയിമുകൾ മാറ്റിയും ദുർവ്യാഖ്യാനം ചെയ്താണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്ന് മോഹൻലാൽ തന്നോട് സ്നേഹത്തോടെ ചോദിച്ച കാര്യത്തെയാണ് വിവാദമാക്കിയതെന്നും, മറിച്ച് ക്യാമറയുമായി തിക്കിത്തിരക്കി വന്നവരോടാണ് താരം ബാക്കി കാര്യങ്ങൾ പറഞ്ഞതെന്നും സ്റ്റെപ്പുകൾ ഇറങ്ങാൻ മോഹൻലാൽ തന്നെ സഹായിക്കുകയാണ് ചെയ്തതെന്നും പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ബന്ധത്തിൽ ഒരു മൺതരിയുടെ അത്ര പോലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും സ്വാമി പറഞ്ഞു.

എസ്എൻ സ്വാമിയുടെ വാക്കുകൾ

‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്നാണ് ലാൽ പറഞ്ഞത്, ‘അപ്പോഴേക്കും ഇങ്ങോട്ട് കയറി വന്നോ’ എന്ന ബാക്കി ഭാഗം പറഞ്ഞത് ക്യാമറയും കൊണ്ടു തിക്കി തിരക്കി വന്നവരോടാണ്. അതിനു ശേഷം ലാൽ എന്നെ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരാൻ സഹായിക്കുകയാണ് ചെയ്തത്. പ്രോഗ്രാമിന് കണ്ടപ്പോൾ ലാലുമായി കുറെ നേരം സംസാരിച്ചിരുന്നു, അതിനു ശേഷം കണ്ടപ്പോഴാണ് 'ഞാൻ പൊയ്ക്കോട്ടേ' എന്ന് ലാൽ പറഞ്ഞത്. അതിനു ശേഷം ആന്റണിയും ഞാനും കുറെ നേരം സംസാരിച്ചിട്ടാണ് പിരിഞ്ഞത്. വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. ഇവരൊക്കെ എന്തറിഞ്ഞിട്ടാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.

ENGLISH SUMMARY:

Malayala Manorama Online News reports on the clarification issued by screenwriter SN Swamy regarding an alleged disrespectful interaction with actor Mohanlal during the trailer launch of Nivin Pauly's film 'Prathichaya'. SN Swamy has stated that the circulating social media news is baseless and misrepresents the event.