ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിന് ബോളിവുഡ് നടി താപ്‌സി പന്നു നൽകിയ മറുപടി സോഷ്യലിടത്ത് വൈറല്‍. സ്വകാര്യ ചാനല്‍ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ അവതാരകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു താപ്‌സിയുടെ ശ്രദ്ധേയമായ പ്രതികരണം. ചോദ്യത്തിന് മറുപടിയായി ബിഗ് സ്ക്രീനില്‍ തെളിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തില്‍ പോയി തൊട്ടതിന് ശേഷം നല്‍കിയ വിശദീകരണമാണ് ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ അമ്പരപ്പിച്ചത്.
'എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണം' എന്നായിരുന്നു മോദിയെ തിരഞ്ഞെടുത്തതിന് കാരണമായി താപ്‌സി ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. താരത്തിന്റെ ഈ വാക്കുകൾ നിമിഷങ്ങൾക്കകം വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. വെറുമൊരു മറുപടിയെന്നതിലുപരി, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തോടുള്ള താപ്‌സിയുടെ മൂർച്ചയുള്ള പരിഹാസമാണിതെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു. സ്വന്തം രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ സെലിബ്രിറ്റികൾ പോലും ഭയപ്പെടുന്ന അവസ്ഥയെയാണ് താരം പരോക്ഷമായി സൂചിപ്പിച്ചതെന്നാണ് വിഡിയോയ്ക്ക് താഴെ ആളുകള്‍ കമന്‍റ് ചെയ്യുന്നത്.
താപ്‌സി പന്നുവിന്റെ മറുപടി നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുടെ കൃത്യമായ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്. ഒരു നേതാവിന്റെ പേര് വെറുതെ പറയുകയല്ല, മറിച്ച് രാജ്യത്തെ നിലവിലെ അവസ്ഥയെ പരിഹാസത്തിലൂടെ വരച്ചുകാട്ടുകയാണ് താരം ചെയ്തതെന്ന് എക്സില്‍ ആളുകള്‍ കുറിക്കുന്നു. താരത്തിന്റെ തമാശ കലർന്ന ഈ 'ബോൾഡ്' പ്രതികരണം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്.