Kisore Image Credit: X/KollyCensor
ജീവിതത്തില്‍ തിരികെ പോകാന്‍ സാധിച്ചാല്‍ 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് കന്നട നടന്‍ കിഷോര്‍. പുതിയ ചിത്രമായ മെല്ലിസൈയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് കിഷോറിന്‍റെ വാക്കുകള്‍. ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. ഇതിനുള്ള മറുപടി ഇങ്ങനെ.
'പറഞ്ഞാല്‍ നിങ്ങളത് കൊടുക്കുമോ എന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറയാം. 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പിന്‍റെ അളവ് കൂടുതലാണ്. വലിയ അപകടമാണിത്. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും' അദ്ദേഹം പറഞ്ഞു.
വെറുപ്പ് ഇന്‍വെസ്റ്റ്മെന്‍റാക്കി അധികാരത്തില്‍ വന്നാല്‍ അത് അപകടമാണെന്നും ഇന്ന് എല്ലായിടത്തും അത്തരക്കാരാണെന്നും കിഷോര്‍ പറഞ്ഞു. 'സ്നേഹത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. സ്നേഹമില്ലാതിരുന്നാല്‍ പിന്നെ മനുഷ്യന് ജീവിക്കാന്‍ സാധിക്കില്ല. പരസ്പരം വെറുത്താല്‍ എങ്ങനെ ജീവിക്കാന്‍ സാധിക്കും. വെറുപ്പ് ഇന്‍വെസ്റ്റ്മെന്‍റാക്കി അധികാരത്തിലേക്ക് വന്നാല്‍ അവര്‍ വളരെ അപകടകാരികളാകും. ആ വെറുപ്പ് ഒരു കമ്മ്യൂണിറ്റിക്ക് നേരെയായാലും നാടിന് നേരെയായാലും അപകടമാണ്. അത്തരക്കാരാണ് ഇപ്പോള്‍ എല്ലായിടത്തും അധികാരത്തില്‍ ഇരിക്കുന്നത്. ട്രംപിനെ നോക്കു.. ഇവരെ നോക്കൂ . എല്ലാവരും അങ്ങനെയാണ്. അത് മനുഷ്യന് വളരെ അപകടമാണ്' എന്നും കിഷോര്‍ ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'രാഷ്ട്രീയം പവര്‍ പൊസിഷനല്ല. ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യണം. ജവഹര്‍ലാല്‍ നെഹറു പറഞ്ഞത് താന്‍ പ്രഥമ സേവകന്‍ ആണെന്നാണ്. മോദി പറഞ്ഞത് പ്രധാന സേവക് എന്നാണ്. അതിനര്‍ഥം താനാണ് പ്രധാനിയെന്നാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ, ജനങ്ങളെ സേവിക്കണം' എന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.