ലൈവ് ഷോയിലെ പ്രകടനത്തിന് ലൈംഗികാധിക്ഷേപവും സൈബർ ആക്രമണവും നടത്തിയവർക്ക് മറുപടി നൽകി ഗായിക അഭിരാമി സുരേഷ്. ലൈംഗികാധിക്ഷേപവും ശാരീരിക അധിക്ഷേപവുമെല്ലാം ചെയ്യുന്നത് ഒരു വിനോദം പോലെയായി മാറിയെന്നും അഭിരാമി കുറിച്ചു. താനൊരു പെർഫോമർ ആണെന്നും ശരീരം ചലിപ്പിക്കാതെ തനിക്ക് ലൈവ് ഷോയിൽ പരിപാടി അവതരിപ്പാക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി.

അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പ്

‘നൂറോളം വ്യത്യസ്ത വിഡിയോകൾക്ക് താഴെയുള്ള കമന്റുകൾ വായിച്ചാണ് ഞാൻ ഉറങ്ങിയത്. ഉണർന്നപ്പോൾ വീണ്ടും അതേ ശബ്ദം കേട്ടു. വ്യത്യസ്ത ആംഗിളുകൾ, വികൃതമായ റാമ്പ് ഷോട്ടുകൾ, താഴെയായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ, സത്യം പറഞ്ഞാൽ ആരെയും പൂർണമായി കുറ്റപ്പെടുത്താൻ പോലും എനിക്ക് കഴിയില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു ആ സ്ഥലം. എങ്കിലും, ഒരുപാട് കാര്യങ്ങൾ‌ വിശദീകരിക്കാൻ ആഗ്രഹിച്ചിട്ട് ഒന്നും പറയാൻ കഴിയാതെ പോകുന്നത് കഷ്ടമാണ്. ദൈവകൃപകൊണ്ട്, ആ ഷോ ഒരു നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു. ആദ്യ നോട്ട് മുതൽ അവസാന ശ്വാസം വരെ, രണ്ടര മണിക്കൂറോളം കളം നിറഞ്ഞുനിന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഒരു ഇതിഹാസ താരമല്ല ഞാൻ.

ഞാൻ ഒരു പെർഫോമറാണ്. ഞാൻ ചലിക്കും, നൃത്തം ചെയ്യും എന്റെ ശരീരവും ശ്വാസവും ആ നിമിഷത്തിലേക്ക് ഞാൻ സമർപ്പിക്കും. ഞാൻ അത് കൃത്യമായി ചെയ്തു. എന്നാൽ സമൂഹ മാധ്യമങ്ങൾക്ക് വ്യത്യസ്തമായൊരു മാനസികാവസ്ഥയാണ്. അപ്പുറത്ത് നിൽക്കുന്നവരോട് അത് ഒട്ടും ദയ കാണിക്കില്ല. ലിംഗഭേദമോ പ്രായമോ സന്ദർഭമോ ഒന്നും അത് പരിഗണിക്കില്ല. ഇതിന് തിരികൊളുത്താൻ ഒരു കമന്റ് മതിയാകും. വളരെ വേഗം അത് വലിയ മത്സരമായി മാറും. ആരാണ് കൂടുതൽ അപമാനിക്കുന്നത്, ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ട രീതിയിലും അധിക്ഷേപിക്കാൻ കഴിയുക എന്ന മത്സരമായി അത് മാറും. ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്മിങ്), ലൈംഗികാധിക്ഷേപം, എല്ലാം ചെയ്യുന്നത് അവർക്കൊരു വിനോദം പോലെയാണ്. അതൊരു ലൈവ് പരിപാടിയാണെന്ന് ചിന്തിക്കാൻ ഒരു നിമിഷം പോലും തയാറാകുന്നില്ല. നിറഞ്ഞ സദസ്സിന് മുന്നിൽ രണ്ടര മണിക്കൂർ നേരം ഒരാൾ ആടുകയും പാടുകയുമാണ്. ലൈവ് പരിപാടിയിൽ പിഴവുകൾ സംഭവിക്കും. പക്ഷേ ഇപ്പോൾ ആർക്കും അനുകമ്പയില്ല. കണ്ണുമടച്ച് കുറവുകൾ മാത്രം നോക്കാൻ നമ്മൾ സ്വയം പരിശീലിക്കുന്നതുപോലെ തോന്നുന്നു. ചെറുപ്പത്തിലോ ഇപ്പോഴോ ആരെയും അധിക്ഷേപിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഓരോ കലാകാരനും, ഓരോ സംഗീതജ്ഞനും, ഓരോ ഗായകനും, ഓരോ മനുഷ്യനും അവരുടേതായ രീതിയിൽ നിലനിൽക്കാനും, പ്രകടനം കാഴ്ചവയ്ക്കാനുമുള്ള അവകാശമുണ്ട്’

ENGLISH SUMMARY:

Abhirami Suresh has responded to sexual and cyberbullying comments following her live performance. She stated that physical and sexual harassment has become a form of entertainment, and as a performer, she cannot present a live show without movement.