പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് പറഞ്ഞാല്‍ തനിക്ക് ഭ്രാന്താണെന്ന് നടന്‍ വിവേക് ഗോപന്‍. മോദി തന്‍റെ കാണപ്പെട്ട ദൈവമാണെന്നും അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ഭയങ്കരമായി ഉൾക്കൊണ്ടയാളാണ് താനെന്നും താരം പറഞ്ഞു. ബിജെപിയിലല്ലാതെ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ പറ്റി തനിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നും വിവേക് ഗോപന്‍ പറഞ്ഞു.
'നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് ഞാൻ. കാണപ്പെട്ട ദൈവം എന്നൊക്കെ പറയില്ലേ? ദൈവം ഭൂമിയിൽ വന്നാൽ എങ്ങനെയിരിക്കും? അങ്ങനെയാണ് അദ്ദേഹത്തെ തോന്നുന്നത്. ഞാൻ പറയുന്നത് എന്റെ കാഴ്ചപ്പാടാണ്. മറ്റുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതവുമൊക്കെ ഭയങ്കരമായി ഉൾക്കൊണ്ടയാളാണ് ഞാൻ. അനാവശ്യമായിട്ടുള്ള ഒരു കാര്യവും അദ്ദേഹം ചെയ്യുന്നില്ല. എല്ലാം രാജ്യത്തിനു വേണ്ടിയാണ്. സ്വന്തമായി ഒരു വീടുപോലും അദ്ദേഹത്തിനില്ല.
മറ്റുള്ളവരുടെ കാര്യം ചിന്തിക്കാതെ സ്വന്തം കീശ വീർപ്പിക്കുക എന്നതാണ് പല രാഷ്ട്രീയക്കാരും ചെയ്യുന്നത്. അദ്ദേഹം അങ്ങനെയല്ല. ഇതൊക്കെ വെച്ചു നോക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകരാണ്. അതുകൊണ്ടുതന്നെ വേറൊരു പാർട്ടി എന്ന ചിന്ത പോലും എനിക്കില്ല. ബിജെപിയിൽ തന്നെയായിരിക്കും. ഭാവിയിൽ എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ വേറൊരു പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മോദി എന്നു പറഞ്ഞാൽ എനിക്ക് അത്രക്കും ഭ്രാന്താണ്,' മൂവി വേൾഡ് ഒറിജിനൽസിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് ഗോപന്‍ പറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി വിവേക് ഗോപൻ മൽസരിച്ചിരുന്നു. ചെറുപ്പം മുതലേ താൻ ബിജെപി അനുഭാവി ആണെന്നും കുറച്ചു കാലം ശാഖയിൽ പോയിട്ടുണ്ടെന്നും മുൻപ് വിവേക് തുറന്നു പറഞ്ഞിട്ടുണ്ട്.