badusha-hareesh-kanaran

കലങ്ങിത്തെളിയാത ഹരീഷ് കണാരന്‍– ബാദുഷ ആരോപണ പ്രത്യാരോപണങ്ങള്‍. ബാദുഷയുടെ പത്രസമ്മേളനത്തിന് മറുപടിയുമായി ഹരീഷ് കണാരന്‍ എത്തിയതോടെ വിഷയം കൂടുതല്‍ ചൂടേറി. ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച ബാദുഷ പറഞ്ഞ തുകയിൽ മാറ്റമുണ്ടെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 20 ലക്ഷമാണ് വായ്പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. 7 ലക്ഷത്തോളം തിരികെ നൽകി. ബാക്കി തുക ഹരീഷിന്‍റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്‍റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും ബാദുഷ പറഞ്ഞു. 

ഇതിന് മറുപടിയുമായി ഹരീഷ് കണാരനും രംഗത്തെത്തിയിരുന്നു. പണം വാങ്ങിയ ഘട്ടത്തിലും തിരിച്ചു ചോദിക്കുന്ന ഘട്ടത്തിലും ശമ്പളമായി കരുതണമെന്ന് ബാദുഷ പറഞ്ഞിട്ടില്ലെന്ന് ഹരീഷ് വ്യക്തമാക്കി. വീടു പണി നടക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പണം തിരികെ ചോദിച്ചത്. ഇതിന് ശേഷമാണ് ‘എആർഎമ്മി’ലെ (അജയന്‍റെ രണ്ടാം മോഷണം) അവസരം നഷ്ടമായത് എന്നും മനോരമ ഓണ്‍ലൈനോട് ഹരീഷ് പ്രതികരിച്ചിരുന്നു. 

ഇപ്പോള്‍ വീണ്ടും വിഷയത്തില്‍ പ്രതികരണം നടത്തുകയാണ് ബാദുഷ. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ ഞെട്ടിച്ചു എന്ന് ബാദുഷ പറഞ്ഞു. വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നതെന്നും ബാദുഷ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഞാൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലയിടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്. ആർട്ടിസ്റ്റുകളെ പ്രോപ്പറായി മാനേജ് ചെയ്യുന്ന വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാൻ അത് ചെയ്യുന്നുണ്ട്. എൻ്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. നടൻ്റെ അല്ലെങ്കിൽ നടിയുടെ ഡേറ്റ് മാനേജ്മെൻ്റ്, അവസരങ്ങൾ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നൽകുക അടക്കമുള്ള കാര്യങ്ങൾ ഇതിൽ വരും. 

എൻ്റെ ബന്ധങ്ങളും മികവും  മനസ്സിലാക്കിയാണ് ശ്രീ. ഹരീഷ് കണാരൻ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിൻ്റെ കാര്യങ്ങൾ ചെയ്യുന്നതിന് എന്നെ ഏൽപ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർക്ക് നിർമാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്? അതെ. എന്നാൽ 72 സിനിമകളിൽ പതിനാറ് സിനിമകൾ മാത്രമേ ഞാൻ പ്രൊഡക്ഷന്‍ കൺട്രാളറായിട്ടുള്ളൂ. അതിൻ്റെ പ്രതിഫലം എനിക്ക് നിർമാതാവ് നൽകിയിട്ടുണ്ട്. ബാക്കി സിനിമകളിൽ ഞാൻ ഹരീഷിനു വേണ്ടി ജോലി ചെയ്തിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നൽകേണ്ടത് ഹരീഷ് ആണെന്നാണ് എൻ്റെ വിശ്വാസം. പരാമർശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാർക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല, ബാദുഷ പറഞ്ഞു. 

വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ എനിക്കെതിരേ ഉയർന്ന പശ്ചാത്തലത്തിൽ ഞാൻ കൂടുതലായി പ്രതികരിച്ചിരുന്നില്ല. ആദ്യം തന്നെ പറയട്ടെ.. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എൻ്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു ഞാൻ. അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തത്.  സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ.. ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല. എല്ലാവരോടും സ്നേഹം മാത്രമെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

The controversy between Harish Kanaran and Badusha continues to remain unresolved, with fresh statements intensifying the dispute. Responding again to the issue, Badusha said he was shocked by Harish Kanaran’s remarks and claimed that false allegations were being raised against him. He maintained that the accusations lack factual basis and further complicate the ongoing controversy.