വിജയ് ചിത്രം ജനനായകന്‍റെ റിലീസ് വൈകും. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച തീരുമാനം സിംഗിള്‍ ബെഞ്ചിന് വിട്ട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് . സെന്‍സര്‍ ബോര്‍ഡിന്‍റെ വിശദീകരണം കൂടി കേട്ടു വേണം തീരുമാനമെടുക്കാന്‍. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
സുപ്രീംകോടതി നിർദേശപ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു.എതിര്‍ സത്യവാങ്മൂലം സമർപ്പിക്കാൻ സിംഗിൾ ബെഞ്ച് സമയം അനുവദിച്ചില്ലെന്നും ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടുള്ള സി.ബി.എഫ്.സി ചെയർമാന്‍റെ ഉത്തരവിനെ പ്രൊഡ്യൂസേഴ്സ് ചോദ്യം ചെയ്തില്ലെന്നുമായിരുന്നു സി.ബി.എഫ്.സിയുടെ വാദം.
സി.ബി.എഫ്.സി പറഞ്ഞ മാറ്റങ്ങൾ മുഴുവൻ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് തടഞ്ഞുവെന്നായിരുന്നു നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചത്. ചിത്രത്തിന് UA 16+ സർട്ടിഫിക്കറ്റ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സെൻസർ ബോർഡ് ആണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.