നടൻ ഹരീഷ് കണാരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ എൻ.എം.ബാദുഷ രംഗത്ത് വന്നിരുന്നു. കടം വാങ്ങിയ 20 ലക്ഷം തിരികെ നൽകാതിരിക്കുകയും സിനിമകളിൽ നിന്ന് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തെന്ന ഹരീഷ് കണാരന്റെ ആരോപണങ്ങൾക്കാണ് ബാദുഷ ഇന്നലെ പത്രസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത് . ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ ഹരീഷ് പറഞ്ഞ തുകയിൽ മാറ്റമുണ്ടെന്നും പ്രതികരിച്ചു. 20 ലക്ഷമാണ് വായ്പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. 7 ലക്ഷത്തോളം തിരികെ നൽകി. ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും ബാദുഷ പറയുന്നു.
ഇപ്പോഴിതാ ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബാദുഷ. ‘കമന്‍റിട്ട് തള്ളിക്കോ കമൻ്റോളികളെ ഞാൻ സിനിമയിൽ തന്നെ ഉണ്ടെ’ എന്നാണ് ചിത്രം പങ്കുവച്ച് എഴുതിയിരിക്കുന്നത്. കടം വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുക്കാനുള്ള സാമാന്യ മര്യാദ കാണിക്കണം എന്നാണ് കമന്‍റ് പൂരം.
ഹരീഷിനായി 5 വർഷം 72 സിനിമകൾക്ക് ഡേറ്റ് മാനേജ് ചെയ്തു. ചെയ്ത സേവനത്തിന് ഒരു പണവും വാങ്ങിയില്ലെന്നും പ്രതിഫലം തരാൻ ഹരീഷ് മനസ് കാണിച്ചില്ലെന്നും ബാദുഷ ആരോപിച്ചു.
ആരോപണത്തിന് ശേഷം മകൻ കോളേജിൽ പോയിട്ടില്ല. അവന്റെ ഭാവി പോയി. മകളുടെ പേജിൽ വരെ സൈബറാക്രമണം ഉണ്ടായി. സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. സൈബർ സെല്ലിന് പരാതി നൽകും. കുടുംബത്തിന് എതിരെ ആരോപണം വന്നതിനാലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറയുന്നതെന്നും ബാദുഷ പറഞ്ഞു.