ഒരു നിര്‍മാതാവ് തനിക്ക് നാല് സിനിമകളില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കാനുണ്ടെന്ന് നടി നിഖില വിമല്‍ പറഞ്ഞത് സൈബറിടത്ത് വലിയ ചര്‍ച്ചയായിരുന്നു. മുമ്പ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ഇയാളെന്നും നിഖില പറഞ്ഞിരുന്നു. പിന്നാലെ ഈ നിര്‍മാതാവ് ബാദുഷയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബാദുഷ.
ഹരീഷ് കണാരന്‍ തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് ബാദുഷ നിഖിലയുടെ ആരോപണത്തിലും പ്രതികരിച്ചത്. ‘നിഖില എന്റെ പേര് പറഞ്ഞിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട എന്ത് കമന്റ് വന്നാലും സോഷ്യല്‍ മീഡിയയില്‍ അതിനടിയില്‍ എന്റെ പേര് ഉറപ്പായിട്ടും ഉണ്ടാവും. ഞങ്ങള്‍ നാല് സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ആ സിനിമയില്‍ ജോലി ചെയ്ത ആള്‍ക്കാരല്ലേ. അത് ഞാന്‍ പ്രൊഡ്യൂസ് ചെയ്ത സിനിമകളല്ലല്ലോ. പ്രൊഡ്യൂസര്‍ പണം കൊടുക്കാന്‍ ഉണ്ട് എന്നാണ് പറഞ്ഞേക്കുന്നത്' ബാദുഷ പറയുന്നു.
നേരത്തെ നടൻ ഹരീഷ് കണാരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ എൻ.എം.ബാദുഷ രംഗത്ത് വന്നിരുന്നു. കടം വാങ്ങിയ 20 ലക്ഷം തിരികെ നൽകാതിരിക്കുകയും സിനിമകളിൽ നിന്ന് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തെന്ന ഹരീഷ് കണാരന്റെ ആരോപണങ്ങൾക്കാണ് ബാദുഷ ഇന്നലെ പത്രസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത് . ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ ഹരീഷ് പറഞ്ഞ തുകയിൽ മാറ്റമുണ്ടെന്നും പ്രതികരിച്ചു. 20 ലക്ഷമാണ് വായ്പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. 7 ലക്ഷത്തോളം തിരികെ നൽകി. ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും ബാദുഷ പറയുന്നു.