ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു. നടന്‍ രവി മേനോന്‍ ആണ് ദുഖവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിഴൽ പോലെ എന്നും ഏത് നിമിഷവും ജാനകിയമ്മയുടെ കൂടെയുണ്ടായിരുന്ന ആളായിരുന്നു മുരളിയെന്നും മുരളി ഇനിയില്ല എന്ന സത്യവുമായി ഈ അമ്മ എങ്ങനെ പൊരുത്തപ്പെടുമെന്നും രവി മേനോന്‍ കുറിച്ചു.
'മുരളി വിടവാങ്ങി... ജാനകിയമ്മയുടെ ഒരേയൊരു മകൻ. നിഴൽ പോലെ എന്നും ഏത് നിമിഷവും കൂടെയുണ്ടായിരുന്ന ഒരാൾ. സ്വന്തം ജീവന്റെ ഒരംശം തന്നെയായിരുന്നു ജാനകിയമ്മക്ക് മുരളീകൃഷ്ണ. ഭർത്താവിന്റെ വിയോഗശേഷം വിശേഷിച്ചും. മുരളി ഇനിയില്ല എന്ന സത്യവുമായി എങ്ങനെ പൊരുത്തപ്പെടും എൺപത്തെട്ടുകാരിയായ ഈ അമ്മയുടെ മനസ്? ഉത്തരം കിട്ടാത്ത ചോദ്യം.
ചെന്നൈ നീലാങ്കരയിലെ വീട്ടിൽ വെച്ച് മൂന്ന് പതിറ്റാണ്ടു മുൻപ് ആദ്യം കാണുമ്പോൾ സംഗീത സ്വപ്നങ്ങളുടെ ലോകത്തായിരുന്നു മുരളീകൃഷ്ണ. സ്വയം സംഗീത സംവിധാനം നിർവഹിച്ച ഇൻഡി പോപ്പ് ശൈലിയിലുള്ള കുറച്ചു പാട്ടുകളുടെ ട്രാക്ക് കേൾപ്പിച്ചശേഷം മുരളി പറഞ്ഞു, 'സംഗീതത്തിൽ സ്വന്തമായി ഒരു വഴി കണ്ടെത്തണം. ഈ ആൽബം പുറത്തിറങ്ങിയാൽ നമ്മുടെ കഴിവുകൾ ജനം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ'. ആ ആൽബം പുറത്തിറങ്ങിയോ എന്നറിയില്ല. അതിനെക്കുറിച്ച് മുരളി പിന്നീടൊന്നും പറഞ്ഞുകേട്ടിട്ടുമില്ല.
വ്യക്തി ജീവിതത്തിലെ അപശ്രുതികളുമായി സമരസപ്പെടാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾക്കിടയിലും അമ്മയുടെ നിഴലിൽ നിന്ന് ഒരിക്കലും മാറിനിന്നില്ല മകൻ. എത്ര തീവ്രമായിരിക്കും മകന്റെ അകാലവിയോഗമേൽപ്പിച്ച ആഘാതമെന്ന് ഊഹിക്കാനാകും നമുക്ക്. ഈ വേദന സഹിക്കാൻ ഈശ്വരൻ അമ്മക്ക് ശക്തിയേകട്ടെ ... പ്രാർത്ഥനകളോടെ,' രവി മേനോന്‍ കുറിച്ചു.
മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര കുറിച്ചു. സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടത് എന്നും ചിത്ര കുറിപ്പിൽ പറഞ്ഞു. ‘ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി,’ ചിത്ര കുറിച്ചു.