TOPICS COVERED

ഒരു സെൽഫി സമ്മാനിച്ച വേദനയുമായി ഗായിക കെ.എസ്.ചിത്ര. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കുറച്ചുപേർ സെൽഫിയെടുത്ത ശേഷം അവിടെ വച്ചിരുന്ന ട്രേകളിൽ തട്ടി മറിഞ്ഞ് വിഴുകയായിരുന്നു. തോളെല്ല് തെന്നിപോയതോടെ ശസ്ത്രക്രിയ ചെയ്തു. മൂന്ന് മാസം കൂടി കാത്തിരുന്നാലേ കൈ പൊക്കാൻ സാധിക്കുകയുള്ളൂവെന്ന് ചിത്ര പറഞ്ഞു.

സംഭവത്തെ കുറിച്ച് ചിത്ര പറയുന്നത് ഇങ്ങനെ

ചെന്നൈ വിമാനത്താവളത്തിലെ സെക്യുരിറ്റി ചെക്കിങ് വിഭാഗത്തിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന കുറച്ചുപേർ സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. ഓ, അതിനെന്താ എടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. സെൽഫിയെടുത്തവർ മടങ്ങി ഞാൻ ഇത്തിരി പിറകോട്ട് നീങ്ങിയതും അവിടെ താഴെ വച്ചിരുന്ന, ലാപ്ടോപ്പും ബാഗുകളും വയ്ക്കാൻ ഉപയോഗിക്കുന്ന ട്രേകളിൽ കാലിടിച്ച് ബാലൻസ് തെറ്റി ഞാൻ വീഴുകയായിരുന്നു

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് തോളെല്ല് തെന്നിപ്പോയതായി തിരിച്ചറിഞ്ഞത്. നല്ല വേദനയായിരുന്നു. ഒരു മാസം ഫിസിയോ തെറാപ്പിയൊക്കെ ചെയ്തു നോക്കി. അപ്പോഴും കൈ പൊക്കാൻ പറ്റുന്നില്ലായിരുന്നു. പിന്നീട് എംആർഎ സ്കാൻ എടുത്ത് നോക്കിയപ്പോൾ പേശികളൊക്കെ സ്ഥാനം മാറി സാരമായ പരുക്കേറ്റതായി കണ്ടെത്തി. തുർന്ന് ശസ്ത്രക്രിയ ചെയ്താണ് എല്ലാം അതാത് സ്ഥാനത്ത് തന്നെ നിലനിർത്തിയത്. ഇനി മൂന്ന് മാസം കൂടി കാത്തിരുന്നാലേ കൈ പഴയ പോലെ പൊക്കാൻ സാധിക്കുകയുള്ളൂ.

എപ്പോഴും ടേബിളിൽ വയ്ക്കേണ്ട ട്രേകളാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിൽ അപകടമുണ്ടാക്കുംവിധം താഴെ വച്ചത്. ഇത്തരത്തിൽ ട്രേകൾ അവിടെയുണ്ടാകുമെന്ന് ഒരിക്കലും താൻ പ്രതീക്ഷിച്ചില്ലെന്ന് ചിത്ര പറഞ്ഞു. 

ENGLISH SUMMARY:

KS Chithra faced an injury due to an accident at Chennai airport involving selfie requests and misplaced trays. Following a fall, she underwent surgery for a dislocated shoulder and requires three months for recovery.